തിരുവനന്തപുരം: ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്.
കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48 വയസ്സ്), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37 വയസ്സ്), കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി സാദിക്ക് (24 വയസ്സ് ), തൃശ്ശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. ഓഹരിവിപണിയില്‍ ലാഭം നേടുന്നതിന് സഹായകരമായ രീതിയില്‍ ഉപദേശം നല്‍കി വിശ്വാസം ആര്‍ജിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ഇതിനായി നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരനില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തത്. കഴിഞ്ഞമാസമാണ് ഇവർ പരാതിക്കാരനിൽ നിന്ന് പണം തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.