തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് മരിച്ച യുവതിയുടെ വീട് സന്ദർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുത്തിവെപ്പിനെ തുടർന്ന് യുവതി അബോധാവസ്ഥയിലാകുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച്മരണമടഞ്ഞ സംഭവത്തില്‍ ഗൗരവത്തിലുള്ള അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ഡിജിപിയെ വിളിച്ചാവശ്യപ്പെട്ടു.
കൂടാതെ ആരോഗ്യ മന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ച് യുവതിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉടൻ നൽകാൻ സർക്കാർ തയ്യാറാകണമെന്നും പറഞ്ഞു. ടെസ്റ്റ് ഡോസ് എടുക്കാതെയാണ് കുത്തിവയ്പ്പു നല്‍കിയതെന്ന പരാതി ഗൗരവമുള്ളതാണെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യമേഖലയില്‍ പൊതുവേ കാണപ്പെടുന്ന ഉദാസീനതയുടെ ഫലമാണ് ഈ സംഭവവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 15നാണ് കിഡ്നി സ്റ്റോൺ ചികിത്സയ്ക്കാണ് നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം. യുവതിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടെന്നും അലർജി ടെസ്റ്റ് നടത്താതെയാണ് യുവതിക്ക് ഇഞ്ചക്ഷൻ എടുത്തതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു.