Press Club Vartha

ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടുകൾക്കും എമിസിസുമാബ് ചികിത്സ

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാനത്താണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും വിലകൂടിയ മരുന്ന് നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതുമാണ്.

കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ൽ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സർക്കാരിന്റെ കാലത്താണ്. എണ്ണത്തിൽ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗം ബാധിച്ചവരെയും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നത്.

Share This Post
Exit mobile version