തിരുവനന്തപുരം: ഉത്തര കേരളത്തിലെ വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ അയയ്ക്കാന്‍ നിര്‍ദേശം നൽകിയാതായി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയാണ് കാറ്റു മൂലമുണ്ടായ നാശനഷ്‌ടം തീവ്രമായി ബാധിച്ചിട്ടുള്ളത്.
ഇവിടങ്ങളിലായി ആയിരത്തി എഴുന്നൂറോളം ഹൈ ടെൻഷൻ പോസ്റ്റുകളും പതിനോന്നായിരത്തോളം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാരെന്ന് മന്ത്രി പറഞ്ഞു.
ഈ കാലവർഷത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ മലബാര്‍ മേഖലയിലേക്ക്, നാശനഷ്ടം കുറഞ്ഞ തെക്കന്‍ കേരളത്തിലെ സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരെ എത്തിച്ച് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന ട്രാൻസ്ഫോർമറുകളും, വൈദ്യുതി തൂണുകളും ലൈനുകളും പുന:സ്ഥാപിച്ച്, വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ഓരോ വീട്ടിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.