കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള രക്ഷാപ്രവർത്തനം 13-ാം നാളിലേക്ക്. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. സ്വന്തം റിസ്കിലാണ് ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങുന്നത്.
തിരച്ചിലിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ആർമിയും നേവിയും ഉൾപ്പെടെ ദൗത്യസംഘവും സ്ഥലത്തുണ്ട്. തിരച്ചിൽ വളരെ ദുഷ്കരമാണെന്നാണ് പുറത്തുവരുന്ന വിവരം. അതെ സമയം പുഴയിൽ അടിയൊഴുക്ക് ശക്തമായിരിക്കുകയാണ്. ഒഴുക്കിന്റെ ശക്തി അളക്കാൻ വേണ്ടി മൽപെ ഇട്ട കേബിൾ പൊട്ടി.
എന്നാൽ ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ഷിരൂരിലെ ദൗത്യം കാര്യക്ഷമമായി തുടരണമെന്ന് കർണാടക സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.