കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടല്‍: പരമാവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനസ്ഥാപിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിൽ വരുന്ന എകദേശം 3 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും, 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്.
2 ട്രാൻസ്‌ഫോർമർ ഒലിച്ചു കാണാതാവുകയും, 3 ട്രാൻസ്‌ഫോർമറുകൾ നിലംപൊത്തിയിട്ടുമുണ്ട്. കൂടാതെ, രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 350 ഓളം വീടുകളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വിലയിരുത്തി വരുന്നു.
ദുരന്ത ബാധിത മേഖലയിലെ 7 ട്രാന്‍സ്ഫോര്‍മര്‍ (ഏകദേശം 1400 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ അല്പസമയത്തിനകം മന്ത്രി കെ കൃഷ്ണൻകുട്ടി ദുരന്ത മേഖലയില്‍ എത്തും.