Press Club Vartha

റേഷൻകട പ്രവർത്തനം ഉടൻ പുന:സ്ഥാപിക്കും

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകൾ അടിയന്തിരമായി പുനസ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകുന്നതിന് നിർദേശം നൽകി.

ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സംഭവിച്ച മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ കൽപ്പറ്റ ഡിപ്പോയുടെ പരിധിയിൽ വരുന്നതാണ്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version