Press Club Vartha

ദുരന്തഭൂമിയിൽ ഇനിയും കണ്ടെത്താനുള്ളത് 300 ഓളം പേരെ

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഇനിയും കണ്ടെത്താനുള്ളത് 300 ഓളം പേരെയാണ്. ഇന്ന് രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു.

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 344 ആയി. ഇതിൽ പുരുഷന്മാർ 98 പേരും സ്ത്രീകൾ 87 പേരും കുട്ടികള്‍ 30 പേരുമാണ്. ഇതിൽ 148 മൃതദേഹങ്ങൾ ബന്ധുകള്‍ തിരിച്ചറിഞ്ഞു. 212 മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്തു. കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം 143ഉം പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-140മാണ്.

ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 62 ആണ്. ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം 87. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 29. അതുപോലെ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 119 ആണ്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.

ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം 504ഉം വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ 82ഉം ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍ 205 മാണ്.

Share This Post
Exit mobile version