Press Club Vartha

വയനാട് ഉരുൾപൊട്ടൽ: പുനരധിവാസം അതിവേഗം; കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്തമുണ്ടായ പ്രദേശത്തെ വെള്ളാർമല സ്‌കൂളിൽ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാർഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങി. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാൻ പാടില്ല. ആവശ്യമായ സംവിധാനങ്ങൾ ഉടനടി ഏർപ്പെടുത്തും. അതിനു നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version