Press Club Vartha

നഷ്ടമായ രേഖകള്‍ ലഭ്യമാക്കും, താല്‍ക്കാലിക പുനരധിവാസത്തിന് നടപടി; മന്ത്രി എം.ബി രാജേഷ്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലുള്ളവരുടെ  നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച്  വിവരങ്ങള്‍ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  രണ്ടുദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടന്‍ ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകള്‍ പൂര്‍ണമായും 122 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ  താല്‍ക്കാലികമായി മാറ്റും.

പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിന് സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കും. പദ്ധതിപ്രകാരം  50 മുതല്‍ 75 വരെ കുടുംബങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റി മെന്ററെ ലഭ്യമാക്കും. സംസ്ഥാന മിഷനില്‍ നിന്നുമുള്ള അഞ്ച് അംഗങ്ങളുടെ  ഏകോപനത്തില്‍ പദ്ധതി നടപ്പാക്കും. ഇതിനായി 20 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെയും  നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നുമുള്ള മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. 12 ടണ്‍ ജൈവമാലിന്യം ദുരന്ത പ്രദേശത്തു നിന്ന് നീക്കംചെയ്തു. ഏഴു ടണ്‍ തുണി മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. മെഡിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് ‘ആക്രി’ സംവിധാനം ഉപയോഗിക്കും. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ക്രഷറുകളുടെ സഹായം തേടും.

കെട്ടിടാവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനുള്ള സിഎംടി പ്ലാന്റ് തിരുവനന്തപുരത്ത് നിന്നെത്തിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശത്തും ക്യാമ്പുകളിലുമായി 74 ബയോ ടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  20 എണ്ണം ഇന്ന് സ്ഥാപിക്കും.  ആവശ്യമെങ്കില്‍ കൂടുതല്‍ ബയോ ടോയ്ലറ്റുകള്‍ ലഭ്യമാക്കാന്‍ ശുചിത്വമിഷന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല, തൃക്കേപ്പറ്റ വില്ലേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 തൊഴില്‍ ദിനങ്ങള്‍  ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിര്‍മ്മാണ പരിധി 10 ശതമാനം എന്നുള്ളത് വര്‍ദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയല്‍ വര്‍ക്ക് പരിധിയും കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത മേഖലയില്‍ കാണാതായവരുടെ വിവരശേഖരണം നടത്തുകയാണ്. റേഷന്‍ കാര്‍ഡുകള്‍, അങ്കണവാടികള്‍, കെഎസ്ഇബി, പാചകവാതകം,, ഹരിത മിത്രം അപ്പ്, തൊഴില്‍ വകുപ്പ്, ഡിടിപിസി, ‘ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമഗ്ര വിവരശേഖരണമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്,  സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ ദിനേശന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ.നിസാമുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Post
Exit mobile version