തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ആരോപണം. എന്നാൽ ഇത് വസ്‌തുത വിരുദ്ധമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത് പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് ശേഷവും അസഹ്യമായ വേദനയും പഴുപ്പും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിന് ഒപ്പം ഗ്ലൗസിന്റെ ഭാഗം കണ്ടെത്തിയതെന്നാണ് ഷിനു പറയുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. അതിനു ശേഷം കഠിനമായ വേദനയും നീരും വന്നതിനു പിന്നാലെയാണ് ഷിനുവിന്റെ ഭാര്യ മുറുവിലെ കെട്ടഴിച്ച് പരിശോധിച്ചത്. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്.