കഴക്കൂട്ടം : സിപിഐയില്‍ പൊട്ടിത്തെറി. കഴക്കൂട്ടം മണ്ഡലത്തിലെ നേതാക്കൾക്കിടയിലാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. നിരവധി നേതാക്കൾ പാര്‍ട്ടി അംഗത്വം പുതുക്കാതെ സി.പി.ഐ വിടാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന വിവരം. പ്രമുഖ നേതാക്കളുൾപ്പെടെ ഇതിൽ ഉണ്ടെന്നാണ് അറിയുന്നത്.
പിഎസ് സി പരീക്ഷാ കൺട്രോളറായി വിരമിച്ച, മണ്ഡലം കമ്മിറ്റി അംഗം എൻ.നാരായണ ശർമ്മ,കഴക്കൂട്ടം മേഖലയിലെ ആദ്യകാല പാർട്ടി നേതാവ് കെ.ഗണേശന്‍റെ മകനും മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുംമായ അജയകുമാർ,മുൻ കൗൺസിലറും മണ്ഡലം കമ്മിറ്റി അംഗവും ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആറ്റിപ്ര അശോകൻ,മണ്ഡലം കമ്മിറ്റി അംഗവും കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.വി ബിജു,ദീർഘകാലം ശ്രീകാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന മണ്ഡലം കമ്മിറ്റി അംഗം പാങ്ങപ്പാറ മോഹനൻ, കഴക്കൂട്ടം മണ്ഡലം സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ കഴക്കൂട്ടം മണ്ഡലം,ജില്ലാ സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു.
കോർപ്പറേഷനിലെ നിയമനത്തിനും ട്രാൻസ്ഫറിനും മണ്ഡലം നേതൃത്വം പണം കൈപറ്റുന്നു ,സമ്മേളന പണപ്പിരിവിന്‍റെയും പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന്‍റെയും കണക്ക് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്മിറ്റികളിൽ വച്ചില്ല എന്നതുൾപ്പെടെ മണ്ഡലം നേതൃത്വത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ഇവർ പാർട്ടി വിടാൻ തീരുമാനിച്ചത്.
മുൻ കൗൺസിലറും മണ്ഡലം കമ്മിറ്റി അംഗവും ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആറ്റിപ്ര അശോകനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് നേതൃത്വം പുറത്താക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം.
മാത്രമല്ല ഇക്കാര്യങ്ങൾ ജില്ലാ, സംസ്ഥാന സെക്രട്ടറിമാരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവരുടെ നേതൃത്വത്തിൽ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അതെ സമയം പാര്‍ട്ടിവിടാനൊരുങ്ങുന്നവരെ ഒപ്പം നിറുത്താന്‍ മറ്റു മുന്നണി പാർട്ടികൾ ശ്രമിക്കുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇവരില്‍ പലരുമായി സി.പി.എം നേതൃത്വം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.