Press Club Vartha

കേരള ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശിപ്പിച്ചു; കളിക്കാരുടെ ലേലം ശനിയാഴ്ച

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. സഞ്ജു സാംസണ്‍ ആണ് കെസിഎല്‍ ഐക്കണ്‍. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. ഫ്രാഞ്ചൈസികളുടെ ലോഗോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച (10.08.2024) രാവിലെ പത്തുമണി മുതലാണ് ഹയാത്ത് റീജന്‍സിയില്‍ താരലേലം നടക്കുക. ലേലത്തിന്റെ ബ്രീഫിംഗ് ചാരു ശര്‍മ നടത്തി. ഫ്രാഞ്ചൈസികള്‍ക്കായി മോക് ഓക്ഷനും നടന്നു.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

കളിക്കാരുടെ ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. ഓരോ കളിക്കാർക്കും അടിസ്ഥാന പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ള തുകയിൽനിന്ന് ഏറ്റവും കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് അവരെ സ്വന്തമാക്കാം. സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും കളിക്കാരുടെ ലേലം തല്‍സമയം സംപ്രേഷണം ചെയ്യും.

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വയനാട് ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പംതന്നെ ക്രിക്കറ്റ് മേഖലയിലെ പ്രമുഖരില്‍ നിന്ന് പരമാവധി സഹായം വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും അസോസിയേഷന്‍ നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

സഞ്ജു സാംസണെ കൂടാതെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍ റഹിമാന്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം പി.ജെ. നവാസ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സിഎഫ്ഒയും ഇന്ററിം സിഇഒയുമായ മിനു ചിദംബരം എന്നിവരും ലോഗോ പ്രകാശനത്തിലും വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.

 

 

 

 

Share This Post
Exit mobile version