Press Club Vartha

വയനാട് ജനതയ്ക്ക് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി പ്രധാനമന്ത്രി എന്ന നരേന്ദ്രമോദിയുടെ സന്ദർശനം. ഇന്ന് രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ദുരിതബാധിത പ്രദേശത്ത് എത്തിയ പ്രധാനമന്ത്രി ആകാശ നിരീക്ഷണം കഴിഞ്ഞ ശേഷം ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു.

കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗ്ഗമാണ് അദ്ദേഹം ചൂരൽ മലയിൽ എത്തിയത്. ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി.

എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചത്. തുടർന്ന് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. അവിടെ നിന്ന് വിംസ് ആശുപത്രിയിലേക്കാണ് അദ്ദേഹം പോയത്.

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു.

Share This Post
Exit mobile version