Press Club Vartha

യുവഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം: ഓഗസ്റ്റ് 17 ശനിയാഴ്ച 24 മണിക്കൂർ സേവനങ്ങൾ നിർത്തിവെയ്ക്കുന്നു

തിരുവനന്തപുരം: 2024 ഓഗസ്റ്റ് 9-ന് പുലർച്ചെ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലിരിക്കെ ചെസ്റ്റ് മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. ഇത് മെഡിക്കൽ രംഗത്തെയും രാജ്യത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ക്രൂരമായ ആക്രമണത്തിനും കൊലപാതകത്തിനും പിന്നാലെ കൊൽക്കത്തയിലെ റസിഡൻ്റ് ഡോക്ടർമാർ സമരത്തിലാണ്. ഐ.എം.എ.യുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. കോളേജ് അധികൃതരും സർക്കാരും സ്ഥിതിഗതികൾ മോശമായി കൈകാര്യം ചെയ്തതോടെ സർക്കാർ നടപടികളും പോലീസ് അന്വേഷണവും മന്ദഗതിയിൽ ആയി തീർന്നിരിക്കുകയാണ്.

2024 ഓഗസ്റ്റ് 13-ന്, ഇതുവരെയുള്ള അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട്, കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ.) ക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് അന്വേഷണം തുടരുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. 2024 ഓഗസ്റ്റ് 15-ന്, ഒരു വലിയ ജനക്കൂട്ടം ആശുപത്രി നശിപ്പിച്ചു, ഇവർ ഇരയെ കണ്ടെത്തിയ പ്രദേശം ഉൾപ്പെടെ ആശുപത്രിയുടെ വിവിധ ഭാഗങ്ങൾ നശിപ്പിച്ചു. പ്രതിഷേധിച്ച മെഡിക്കൽ വിദ്യാർഥികൾക്കു നേരെയും ആക്രമണമുണ്ടായി.

തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടർമാർ പ്രത്യേകിച്ച് സ്ത്രീകൾ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഃഖ സത്യമാണ്. ആശുപത്രികളിലും കാമ്പസുകളിലും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനത യുടെയും നിസ്സംഗതയുടെയും ഫലമാണ് ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളും.

ഞങ്ങളുടെ ആവശ്യങ്ങൾ:

1. കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്ത് കോടതി നടപടികൾ വേഗത്തിലാക്കി കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകണം.

2. എല്ലാ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷിത മേഖല ആക്കാനുള്ള തീരുമാനം ദേശീയ തലത്തിൽ ഉണ്ടാകണം. അതിനായി ദേശീയ തലത്തിൽ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിൽ വരണം.

3. കൂടാതെ മെഡിക്കൽ കോളേജുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും അനുമതി ലഭിക്കാനും പ്രവർത്തിക്കാനും പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കണം. അതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം.

കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളേജിലെ ക്രൂരമായ കുറ്റകൃത്യത്തിനും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അഴിച്ചുവിട്ട ഗുണ്ടായിസത്തിനും അധികാരികളുടെ നിസ്സംഗതയ്ക്കും എതിരെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 17.08.2024 ശനിയാഴ്ച്‌ച രാവിലെ 6 മുതൽ 18.08.2024 ഞായറാഴ്‌ച രാവിലെ 6 വരെ ഇരുപത്തിനാല് മണിക്കൂർ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സേവനങ്ങൾ രാജ്യവ്യാപകമായി പിൻവലിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

അഡ്മ‌ിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തും. അത്യാഹിത വിഭാഗങ്ങൾ സാധാരണപോലെ പ്രവർത്തിക്കും.

16.08.2024, വെള്ളിയാഴ്‌ച ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ വച്ചു നടന്ന പത്രസമ്മേളന ത്തിൽ ഐ.എം.എ. സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോസഫ് ബെനവൻ, ഐ.എം.എ. മുൻ നാഷണൽ പ്രസിഡൻ്റ് ഡോ. എ. മാർത്താണ് പിള്ള, ഐ.എം.എ. മുൻ സംസ്ഥാന പ്രസി ഡന്റ് ഡോ. എൻ. സുൾഫി നൂഹു, ഐ.എം.എ. ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ, കെ.ജി.എം.സി.റ്റി.എ. സംസ്ഥാന പ്രസിഡൻ്റ് ഡോ. റൊസെനാരാ ബീഗം, കെ.ജി.ഐ.എം.ഒ.എ. സംസ്ഥാന സെക്രട്ടറി ഡോ. രാധാകൃഷ്‌ണൻ, കെ.ജി.എം.ഒ.എ. സൗത്ത് സോൺ ജോയിൻ്റ് സെക്രട്ടറി ഡോ. അരുൺ എ. ജോൺ എന്നിവർ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന് പൊതുജനങ്ങളുടെ സഹതാപവും പിന്തുണയും ഉണ്ടാകണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരനും പ്രസ്‌താവനയിൽ അറിയിച്ചു.

വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ്ണ സമരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്‌ജ് ധരിച്ച് അവരുടെ സേവനം തുടരും.

Share This Post
Exit mobile version