Press Club Vartha

ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യം: ഗവര്‍ണര്‍

തിരുവനന്തപുരം: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള, യുഎഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ എമിരിറ്റസ് ഡോ. സയീന ഉദുമാനുമായി ചേര്‍ന്ന് എഴുതിയ ‘വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും വാക്‌സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവ് നേടാൻ ‘വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024’ സഹായകരമാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ ഘട്ടത്തില്‍ ഉള്‍പ്പെടെ കിംസ്‌ഹെല്‍ത്ത് നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ കാലഘട്ടത്തില്‍, മനുഷ്യന്റെ ആയുരാരോഗ്യം വാക്‌സിനേഷനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണെന്ന് ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സെർവിക്കൽ ക്യാൻസറിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ വാക്‌സിനേഷൻ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കാൻ കിംസ്‌ഹെൽത്ത് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിംസ്‌ഹെല്‍ത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി ഒന്‍പത് വയസ് മുതല്‍ 14 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെർവിക്കൽ ക്യാൻസർ തടയുന്നതിനായി എച്ച്.പി.വി വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. വാക്‌സിനേഷന്‍ രോഗങ്ങള്‍ക്കെതിരെയുള്ള ഏറ്റവും കരുത്തുറ്റ ആയുധം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളില്‍ ഒന്ന് രോഗപ്രതിരോധമാണെന്നും, രോഗ പ്രതിരോധത്തിനുള്ള പ്രധാനമാര്‍ഗ്ഗം വാക്‌സിനേഷന്‍ ആണെന്നും കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് പറഞ്ഞു. സമൂഹത്തെ രോഗങ്ങളിൽ നിന്ന് സുരക്ഷിതമാക്കുന്നതിന് അഡൾട്ട് വാക്‌സിനേഷൻ എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അർബുദത്തിനെതിരെ മാത്രമല്ല, ജീവിതശൈലി രോഗങ്ങൾക്കെതിരെയും വാക്സിൻ ആവശ്യമാണെന്ന ആശയത്തിന് പ്രസക്തി ഏറുകയാണെന്ന് ഡോ. സയീന ഉദുമാൻ തന്റെ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. രോഗപ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലത് എന്ന വാക്യത്തെ വാക്‌സിനേഷനുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്ന് കിംസ്‌ഹെല്‍ത്ത് വൈസ്‌ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ പറഞ്ഞു. ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം കൺസൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് സ്വാഗതം പറഞ്ഞു, സീനിയർ കൺസൾട്ടൻറ് ഡോ. എ. രാജലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി.

Share This Post
Exit mobile version