Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ ആദ്യ ഇന്‍ക്ലൂസീവ് ഫുട്ബോള്‍ ടീമിന് നാളെ കിക് ഓഫ്

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഫുട്ബോള്‍ ടീം മാജിക് സിറ്റി എഫ്.സിയുടെ ആദ്യ പ്രകടനം നാളെ വൈകുന്നേരം 3ന് നടക്കും. പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ നേതൃത്വം നല്‍കുന്ന ടീമുമായാണ് പ്രഥമ ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ ടീമിന്റെ പ്രകടനം നടക്കുന്നത്. ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാരും ഡിഫറന്റ് ആര്‍ട് സെന്റര്‍ ജീവനക്കാരും ഉള്‍പ്പെട്ട ഫുട്ബോള്‍ ടീം രൂപീകരിച്ചത്.

ചടങ്ങില്‍ പ്രശസ്ത നിര്‍മാതാവ് ഗോകുലം ഗോപാലന്‍, ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി.സി പ്രവീണ്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ ഷാന്‍, സ്പെയിന്‍ ജിബ്രാള്‍ട്ടര്‍ സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയല്‍ റിച്ചാര്‍ഡ് വില്യംസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഐ.എം വിജയന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ചടങ്ങിന്റെ ഭാഗമായി നടക്കും. ഭിന്നശേഷിക്കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദ ഗോള്‍ഡന്‍ ഗോള്‍ പദ്ധതിയുടെ ഭാഗമായാണ് ടീമിന് രൂപം നല്‍കിയത്.

ജോയല്‍ റിച്ചാര്‍ഡ് വില്യംസാണ് കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സെന്ററിലെ അമല്‍.ബി, ഷിജു ബി.കെ എന്നിവര്‍ നേരത്തെ ഗോകുലം എഫ്.സി സംഘടിപ്പിച്ച നേരത്തെ കിംഗ്സ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കലാപരമായ കഴിവുകള്‍ക്കുപുറമെ കുട്ടികളുടെ കായികപരമായ കഴിവുകള്‍ കൂടി പരിപോഷിപ്പിക്കുന്നതിന് മൂന്ന് വര്‍ഷമായി ഫുട്ബോള്‍, അത്ലെറ്റിക്സ്, സൈക്കിളിംഗ്, തായ്‌കൊണ്ടോ, ചെസ് തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം നല്‍കി വരികയാണ്. പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക ലക്ഷ്യത്തോടെയാണ് സെന്ററില്‍ കായിക പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. അത്‌ലറ്റിക്‌സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ ടര്‍ഫും ഡി.എ.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

Share This Post
Exit mobile version