Press Club Vartha

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 57 കോടി അനുവദിച്ചു; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 57 കോടി അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി ഗുണഭോക്താക്കൾക്ക്‌ നൽകിയ സൗജന്യ ചികിത്സയ്‌ക്ക്‌ സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവയ്‌ക്ക്‌ ചികിത്സാ ചെലവ്‌ മടക്കിനൽകാൻ തുക വിനിയോഗിക്കും. 44.81 കോടി രൂപ സർക്കാർ ആശുപത്രികൾക്ക്‌ ലഭിക്കും. 11.78 കോടി സ്വകാര്യ ആശുപത്രികൾക്കായി വകയിരുത്തി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ്‌ കെബിഎഫ്‌ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്‌ക്കലിന്‌ വിധേയരാകുന്നവർക്ക്‌ മൂന്നുലക്ഷം രൂപയും നൽകും. കാസ്‌പ്‌ പദ്ധതിയിൽ എംപാനൽ ചെയ്‌തിട്ടുള്ള അറുനൂറിലേറെ ആശുപത്രികളിൽ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ ചികിത്സ സൗകര്യമുണ്ട്‌.

49,503 കുടുംബങ്ങൾ നിലവിൽ കാരുണ്യ ബെനവലന്റ്‌ പദ്ധതി അംഗങ്ങളാണ്‌. ഈ കുടുംബങ്ങളിലെ 3.35 പേർക്ക്‌ ഈ സർക്കാരിന്റെ കാലത്ത്‌ 380.71 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകി.
കാസ്‌പിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 100 കോടി രൂപകൂടി അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ നൽകിയത്‌ 469 കോടി രൂപയും. ഈ സർക്കാർ 2900 കോടി രൂപയുമാണ് പദ്ധതിക്കായി ചിലവഴിച്ചത്.

Share This Post
Exit mobile version