തിരുവനന്തപുരം: ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ ടീം കാല്‍പ്പന്തില്‍ ഗോളടിച്ച് കയറി പുതുചരിത്രം രചിച്ചു. ഇതോടെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ ടീം മാജിക് സിറ്റി എഫ്.സിക്ക് ഉദയമായി. ഇന്നലെ (ഞായര്‍) ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ സന്തോഷ് ട്രോഫി താരങ്ങള്‍ക്കൊപ്പം ഡിഫറന്റ് ആര്‍ട് സെന്ററിലെ പുതുടീം ആവേശകരമായ പ്രകടനം കാഴ്ചവെച്ചു. മത്സരത്തിന്റെ ആദ്യത്തെ അഞ്ചാം മിനിട്ടില്‍ മാജിക് സിറ്റിയുടെ കാര്‍ത്തിക് മോഹന്‍ ആദ്യ ഗോള്‍ നേടിയതോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്.
തുടര്‍ന്ന് ഇരുടീമുകളും കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. ആവേശകരമായ മത്സരം 5-5 നിലയില്‍ സമാപിച്ചു. മാജിക് സിറ്റി എഫ്.സിക്കുവേണ്ടി ഷിജു.ബി.കെ, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അഷ്‌കര്‍, മുഹമ്മദ് ആസിഫ്, ആദര്‍ശ് മഹേന്ദ്രന്‍, റിയാന്‍ നസീര്‍, നന്ദു മോഹന്‍, അലന്‍.എസ്, പ്രവീണ്‍ ഡി.എ, അമല്‍.ബി, മുഹമ്മദ് അഷീബ്, കാര്‍ത്തിക് രാജ്, അദ്ധ്യാപകരായ കാര്‍ത്തിക് മോഹന്‍, അഭിമന്യു എസ്.റ്റി, അഭിനന്ദ് എന്നിവര്‍ കളിക്കളത്തിലിറങ്ങി. ഐ.എം. വിജയനോടൊപ്പം സന്തോഷ് ട്രോഫി താരങ്ങളായ വി.പി ഷാജി, സുരേഷ്, ആഷിഫ സഹീര്‍, നെല്‍സണ്‍, നൗഷാദ്, നൗഫല്‍ എന്നിവരാണ് ആവേശം നിറച്ച് പോരാടിയത്. മാജിക് സിറ്റി എഫ്.സിയുടെ നന്ദുമോഹന്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. നന്ദുവിനുള്ള ട്രോഫി ഗോകുലം ഗോപാലന്‍ സമ്മാനിച്ചു. ഭിന്നശേഷിക്കാരുടെ ഇന്‍ക്ലൂസീവ് ടീമിനോടൊപ്പം മത്സരിക്കാനായത് അപൂര്‍വ സൗഭാഗ്യമാണെന്ന് ഐ.എം വിജയന്‍ അഭിപ്രായപ്പെട്ടു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതു ടീം കരുത്തുറ്റതാണെന്നും മികച്ച നേട്ടങ്ങള്‍ ഇവര്‍ക്ക് കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന മത്സരം ചലച്ചിത്രനിര്‍മാതാവ് ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി.സി പ്രവീണ്‍, ഗോകുലം കേരള അക്കാദമി ഹെഡ് കോച്ച് ജോയല്‍ റിച്ചാര്‍ഡ് വില്യംസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മാജിക് സിറ്റി എഫ്.സിയുടെ ജെഴ്‌സി പ്രകാശനം, ലോഗോ പ്രകാശനം, കിംഗ്‌സ് ലീഗ് സീസണ്‍ 4 പ്രഖ്യാപനം, ഐ.എം വിജയന്റെ മുപ്പതാം വിവാഹവാര്‍ഷികാഘോഷം എന്നിവയും നടന്നു.
മാജിക് സിറ്റി എഫ്.സിയുടെ പതാക ഗോകുലം ഗോപാലന്‍ ഷിജു ബി.കെ കൈമാറിയാണ് ടീമിന്റെ പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിക്കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദ ഗോള്‍ഡന്‍ ഗോള്‍ പദ്ധതിയുടെ ഭാഗമായാണ് ടീമിന് രൂപം നല്‍കിയത്. ജിബ്രാള്‍ട്ടര്‍ സ്വദേശി ജോയല്‍ റിച്ചാര്‍ഡ് വില്യംസാണ് കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സെന്ററിലെ അമല്‍.ബി, ഷിജു ബി.കെ എന്നിവര്‍ നേരത്തെ ഗോകുലം എഫ്.സി സംഘടിപ്പിച്ച നേരത്തെ കിംഗ്‌സ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായാണ് ടീമിന് രൂപം നല്‍കിയത്.കലാപരമായ കഴിവുകള്‍ക്കുപുറമെ കുട്ടികളുടെ കായികപരമായ കഴിവുകള്‍ കൂടി പരിപോഷിപ്പിക്കുന്നതിന് മൂന്ന് വര്‍ഷമായി ഫുട്‌ബോള്‍, അത്‌ലെറ്റിക്‌സ്, സൈക്കിളിംഗ്, തായ്കൊണ്ടോ, ചെസ് തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം നല്‍കി വരികയാണ്. പാരാലിംപിക്സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക ലക്ഷ്യത്തോടെയാണ് സെന്ററില്‍ കായിക പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ ടര്‍ഫും ഡി.എ.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്.