Press Club Vartha

ആറ്റിങ്ങൽ സ്വദേശി അശ്വതിക്ക് വ്യാപാരം തുടരാം; നടപടി സ്വീകരിച്ച് മന്ത്രി എം ബി രാജേഷ്

കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ, നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ ഇത്തരം പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്.

സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ സ്വദേശി അശ്വതി ബി എസ് നൽകിയ പരാതിയിലാണ് മന്ത്രി നടപടി സ്വീകരിച്ചത്. കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്സ് ലൈസൻസ് അനുവദിക്കുന്നില്ല എന്നതായിരുന്നു അശ്വതിയുടെ പരാതി .

കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്നതിനു മുമ്പുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനുള്ള കൊമേഴ്സ്യൽ ലൈസൻസിന് കെ സ്മാർട്ടിലൂടെ അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ്  അദാലത്തിൽ മന്ത്രിയെ സമീപിച്ചതെന്ന് അശ്വതി പറഞ്ഞു. ഇത്തരത്തിലുള്ള പല കെട്ടിടങ്ങളും കൊമേഷ്യൽ വിഭാഗത്തിലേക്ക് മാറ്റാൻ നിലവിലെ ചട്ട പ്രകാരം കഴിയില്ല. അതിനാൽ തന്നെ ലൈസൻസിന് അപേക്ഷിക്കാനും കഴിയുന്നില്ല. ഈ പ്രശ്നത്തിനാണ് മന്ത്രി അദാലത്തിൽ വേഗത്തിൽ പരിഹാരം നിർദേശിച്ചത്.

ചട്ടം നിലവിൽ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക്  ലൈസൻസിൽ തൽസ്ഥിതി തുടരാമെന്ന പൊതു ഉത്തരവ് നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിന്  ശാശ്വത പരിഹാരമാകും. കെ സ്മാർട്ടിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തും. ഏറെ ജനോപകാരപ്രദമായ പരിഹാര നടപടി സ്വീകരിച്ച സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർക്ക് നന്ദി പറയുന്നതായും  അശ്വതി അറിയിച്ചു.

Share This Post
Exit mobile version