തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തി. എയർ ഇന്ത്യ വിമാനം 657 ആണ് അടിയന്തരമായി ലാൻ്റ് ചെയ്തത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതിനു തൊട്ട് മുൻപായിരുന്നു ഈ സന്ദേശം. ഇന്ന് രാവിലെ 5.45നാണ് വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. 8.10 നായിരുന്നു തിരുവനന്തപുരത്ത് ലാന്‍റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് 8 മണിയോടെ അടിയന്തരമായി ലാന്‍റ് ചെയ്യുകയായിരുന്നു.
വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് അടിയന്തരമായി വിമാനം ഇറക്കിയത്. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിന് പുറത്തിറക്കിയ ശേഷം പരിശോധന ആരംഭിച്ചു. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു.