Press Club Vartha

ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ലൈഫോളജിയുടെ പ്രോജക്ടുകളില്‍ പങ്കാളിയാകാന്‍ നൊബേല്‍ ജേതാവ് റിച്ചാര്‍ഡ് റോബര്‍ട്ട്സ്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ കരിയര്‍ മാനേജ്മെന്‍റ് സ്റ്റാര്‍ട്ടപ്പായ ലൈഫോളജിയുടെ ഭാവി പാഠ്യപദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ ബ്രിട്ടീഷ് നൊബേല്‍ ജേതാവ് സര്‍ റിച്ചാര്‍ഡ് ജെ റോബര്‍ട്ട്സ് ഭാഗമാകും. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ ഒരു നൊബേല്‍ ജേതാവ് പങ്കാളിയാകുന്നത്.

ശാസ്ത്രീയവും സമഗ്രവുമായ തൊഴില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ലൈഫോളജിയുടെ ദൗത്യം ശക്തിപ്പെടുത്തുന്നതായിരിക്കും ഈ സഹകരണം. ഇതു സംബന്ധിച്ച് ലൈഫോളജി ചീഫ് ഇന്നോവേഷന്‍ ഓഫീസര്‍ രാഹുല്‍ ഈശ്വറും റിച്ചാര്‍ഡ് റോബര്‍ട്ട്സും ധാരണാപത്രം കൈമാറി.

ബയോ കെമിസ്റ്റും മോളിക്യുലാര്‍ ബിയോളജിസ്റ്റുമായ റിച്ചാര്‍ഡ് റോബര്‍ട്ട്സ് 1993 ല്‍ ഫിലിപ്പ് അലന്‍ ഷാര്‍പ്പിനൊപ്പം ഫിസിയോളജി/മെഡിസിന്‍ വിഭാഗത്തില്‍ നോബേല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞനാണ്. യൂക്കറിയോട്ടിക് ഡിഎന്‍എയിലെ ഇന്‍ട്രോണുകളുടെ കണ്ടെത്തലും ജീന്‍ വിഭജനത്തിന്‍റെ സംവിധാനവും എന്ന പഠനത്തിനായിരുന്നു പുരസ്കാരം. നിലവില്‍ ന്യൂ ഇംഗ്ലണ്ട് ബയോലാബ്സില്‍ ചീഫ് സയന്‍റിഫിക് ഓഫീസറാണ് റിച്ചാര്‍ഡ് റോബര്‍ട്ട്സ്.

ജനിതക മേഖലയിലും ആരോഗ്യ രംഗത്തും റിച്ചാര്‍ഡ്സിന്‍റെ അറിവും കണ്ടെത്തലുകളും ഇന്ന് കാണുന്ന പല പഠനങ്ങള്‍ക്കും അടിത്തറയാണ്. മനുഷ്യ ജീനുകളെയും മനുഷ്യ സ്വഭാവത്തില്‍ അവയുടെ സ്വാധീനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അറിവിനെ പ്രയോജനപ്പെടുത്തി സമഗ്രവും നവീനവുമായ പാഠ്യപദ്ധതി രൂപപ്പെടുത്താനാണ് ലൈഫോളജി ലക്ഷ്യമിടുന്നത്. ഇത് ഗൈഡന്‍സ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും.

ലൈഫോളോജിയുടെ സമഗ്രമായ ഗൈഡന്‍സ് പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് ശാസ്ത്രീയ അടിത്തറ നല്‍കാന്‍ റിച്ചാര്‍ഡ്സിന്‍റെ വൈദഗ്ധ്യവും അറിവും ഉപയോഗപ്പെടുത്തുക എന്നതാണ് ഈ സഹകരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞു. ലൈഫോളജി പ്ലാറ്റ് ഫോമിലൂടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ അദ്ദേഹത്തോട് നേരിട്ട് സംവദിക്കാന്‍ അവസരമുണ്ടായിരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കരിയര്‍ വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്. ശാസ്ത്രീയമായ കരിയര്‍ ഗൈഡന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ലൈഫോളജിയുടെ ലക്ഷ്യം. അതിനു സമഗ്രവും വിപുലവുമായ പാഠ്യപദ്ധതി ആവശ്യമാണെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

നാസയിലെ മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. ജെന്നിഫര്‍ വൈസ്മെന്‍, ഐക്യരാഷ്ട്ര സഭയിലെ നയതന്ത്ര വിദഗ്ധര്‍, ഫിന്‍ലന്‍ഡ് വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ ലൈഫോളോജിയുടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്.

ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ കരിയര്‍ മാനേജ്മെന്‍റ് സ്ഥാപമായ ലൈഫോളജി ദശലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് കരിയര്‍ തെരഞ്ഞെടുപ്പില്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കിയിട്ടുണ്ട്.

Share This Post
Exit mobile version