Press Club Vartha

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം 24 മുതൽ; വയനാടിനും കൈത്താങ്ങ്

തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും നാളെ (ആഗസ്റ്റ് 24) ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത് ആരംഭിക്കും. മേളയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലരയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ.എ, കൗൺസിലർമാരായ D G കുമാരൻ PK ഗോപകുമാർ, അജിത്ത്, വേൾഡ് മാർക്കറ്റ് സെക്രട്ടറി ഷാജി, പ്രസ്സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. ആഴക്കടലിന്റെ അടിത്തട്ടിൽ വിരാജിക്കുന്ന കൊമ്പന്മാർ മുതൽ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിൽ വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേള. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിൽ തീർത്ത് സാഗരക്കാഴ്ചകൾ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്ക് മുകളിൽ വലിയ മത്സ്യങ്ങൾ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാകും. മറൈൻ മിറാക്കിള്സ്ദ ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം നഗരത്തിന് പുത്തൻ വിസ്മയ കാഴ്ച സമ്മാനിക്കും.
മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തി അപൂർവ പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ സെല്ഫിം പോയിന്റുകൾ ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതോടൊപ്പം ഓണം എക്‌സ്‌പോയുമുണ്ട്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫർണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കൽ ഓഫർ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫർണിച്ചറുകൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോർട്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്. 40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബർ 2 ന് സമാപിക്കും. ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം പ്രസ് ക്ലബുമായി ബന്ധപ്പെടുക.
പി ആർ പ്രവീൺ ( പ്രസ് ക്ലബ് പ്രസിഡന്റ്)., വിനീഷ് വി (ട്രഷറർ) , സുഭാഷ് ( കലാ ട്രസ്റ്റ്) , ശാസ്തമംഗലം ഗോപന്‍ (കലാ ട്രസ്റ്റ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share This Post
Exit mobile version