Press Club Vartha

പാന്‍ക്രിയാസിലെ കോശങ്ങള്‍ നിര്‍ജീവമാകുന്ന രോഗാവസ്ഥ; രക്താര്‍ബുദ രോഗിയായ നാല് വയസ്സുകാരി കിംസ്‌ഹെല്‍ത്തില്‍ സുഖം പ്രാപിക്കുന്നു

തിരുവനന്തപുരം: പാന്‍ക്രിയാസിലെ കോശങ്ങള്‍ നിര്‍ജീവമാകുന്ന നെക്രോട്ടിസിങ് പാന്‍ക്രിയാറ്റിറ്റിസ് എന്ന അപൂര്‍വ രോഗ ബാധിതയായ നാല് വയസ്സുകാരിക്ക് രക്ഷകരായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. പാന്‍ക്രിയാസിനും ചുറ്റുമുള്ള കോശങ്ങളിലും വീക്കവും അണുബാധയും ഉണ്ടാവുകയും തുടര്‍ന്ന് അവ നിര്‍ജീവമായി നശിക്കുകയും ചെയ്യുന്ന ഗുരുതരവും അപൂര്‍വ്വവുമായ രോഗാവസ്ഥയാണ് നെക്രോട്ടിസിങ് പാന്‍ക്രിയാറ്റിറ്റിസ്.

കേവലം നാല് വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞില്‍ കിംസ്‌ഹെല്‍ത്തിലെ വിദഗ്ധ സംഘം നടത്തിയ അതിനൂതന എന്‍ഡോസ്‌കോപിക് അള്‍ട്രാസൗണ്ട് സിസ്റ്റോഗ്യാസ്‌ട്രോണമി നടപടിക്രമം രാജ്യത്തെ ആരോഗ്യമേഖലയിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്‍ പറഞ്ഞു.

നേരത്തേ തന്നെ രക്തത്തിലും മജ്ജയെയും ബാധിക്കുന്ന ഗുരുതരമായ ലിംഫോസൈറ്റിക് ലുക്കീമിയ (ALL) ബാധിതയായിരുന്ന ആലപ്പുഴ സ്വദേശിയായ ഈ കുഞ്ഞില്‍ നെക്രോട്ടൈസിംഗ് പാന്‍ക്രിയാറ്റിറ്റിസ് കൂടി രൂപപ്പെട്ടതോടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായി. കഠിനമായ വേദനയാല്‍ ഭക്ഷണം പോലും കഴിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കുഞ്ഞിന്റെ നില മോശമായിക്കൊണ്ടിരിക്കുകയും ചെയ്തു.

കുട്ടിയില്‍ നടത്തിയ കോണ്‍ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് കംപ്യൂട്ടഡ് ടോമോഗ്രഫി (സിഇസിടി) പരിശോധനയില്‍ പാന്‍ക്രിയാറ്റിക് ഫ്‌ളൂയിഡ് നിറഞ്ഞ ഒരു മുഴ കണ്ടെത്തി. ഗുരുതരാവസ്ഥ കണക്കിലെടുത്ത് യുഎസ്ജിസി നടപടിക്രമത്തിന് കുട്ടിയെ വിധേയമാക്കുകയായിരുന്നു. എന്‍ഡോസ്‌കോപ്പിലൂടെ മുഴയുടെ സ്ഥാനം കണ്ടെത്തിയും ഇലക്ട്രോകോട്ടറി എന്‍ഹാന്‍സ്ഡ് ഡെലിവറി സിസ്റ്റം ഉപയോഗിച്ച് 10 മില്ലീ മീറ്റര്‍ നീളവും വീതിയുമുള്ള ഹോട്ട് ആക്‌സിയോസ് സ്‌റ്റെന്റ് മുഴക്കുള്ളിലേക്ക് കടത്തിവിട്ട് ഫ്‌ളൂയിഡ് വയറ്റിലേക്ക് നീക്കുകയും ചെയ്തു. വയറ്റില്‍ നിന്നും സ്വഭാവിക ദഹനവ്യവസ്ഥയിലൂടെ ശരീരം അത് പുറന്തള്ളുകയും ചെയ്യും. വീണ്ടും കീമോ തെറാപ്പി പുനരാരംഭിച്ച കുഞ്ഞ് ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിച്ചു തുടങ്ങി.

ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത് കെ നായര്‍, ഡോ ഹാരിഷ് കരീം, അസോസിയേറ്റ് കണ്‍സള്‍ട്ടന്റായ ഡോ. അരുണ്‍ പി, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നിമിഷ ജോയ് എന്നിവര്‍ ഈ പ്രൊസീജ്യറിന്റെ ഭാഗമായി.

Share This Post
Exit mobile version