Press Club Vartha

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയുടെ മദര്‍ഷിപ്പ് വിഴിഞ്ഞത്ത് നാളെ എത്തും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയുടെ മദര്‍ഷിപ്പ് വിഴിഞ്ഞത്ത് നാളെ എത്തും. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) മദർഷിപ്പാണ് നാളെ തീരത്ത് അണയുന്നത്.

‘ഡെയ്‌ലാ’ എന്ന കപ്പലാണ് എത്തുന്നത്. 13,988 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. മാത്രമല്ല കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്.

മൗറീഷ്യസിൽ നിന്നാണ് കപ്പൽ എത്തുന്നത്. ഇത് മുംബൈ തുറമുഖത്ത് എത്തിയശേഷമാണ് വിഴിഞ്ഞത്തേക്കു വരുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 കപ്പലുകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. വിഴിഞ്ഞം തുറമുഖത്തു എത്തുന്ന നാലാമത്തെ കപ്പലാണ് ‘ഡെയ്‌ലാ’.

Share This Post
Exit mobile version