തിരുവനന്തപുരം : ഭരണപക്ഷ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ഗുതുതരമായ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ കീഴുദ്യോഗസ്ഥരെ ഉൾപെടുത്തി അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. ആർ.എസ്.എസ് – കേരള പോലീസ് – മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ആർ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് ഉടനടി മാറ്റാൻ പിണറായി വിജയൻ തയ്യാറാകണം. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ എസ്. പി. സുജിത്ത് ദാസിനെതിരെ ഈ നിമിഷം വരെ നടപടി സ്വീകരിച്ചിട്ടില്ല . നൊട്ടോറിയസ് ക്രിമിനലുകൾ എന്ന് അൻവർ വിളിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭയക്കുകയാണ്. എല്ലാ അർഥത്തിലും പരാജിതനായ മുഖ്യമന്ത്രി ആണ് എന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കേരള പോലീസിനെ സംഘ്പരിവാറിന് തീറെഴുതി കൊടുത്ത മുഖ്യമന്ത്രിയെന്ന നിലയിലാണ് പിണറായി വിജയനെ ചരിത്രം വായിക്കാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ, ജനറൽ സെക്രട്ടറി മെഹ്ബൂബ് ഖാൻ പൂവാർ, വൈസ് പ്രസിഡന്റ് മധു കല്ലറ, പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.എം. അൻസാരി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് അഡ്വ. അലി സവാദ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ബിലാൽ വള്ളക്കടവ്, ഷാഹിദ ഹാറൂൺ, സൈഫുദ്ധീൻ പരുത്തിക്കുഴി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .