Press Club Vartha

സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈക്കോ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈക്കോ. ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെയാണ് വില വർദ്ധനവ്. നാലിനങ്ങളുടെ വിലയാണ് സപ്ലൈക്കോ കൂട്ടിയിരിക്കുന്നത്. മട്ടയരി, കുറുവയരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്.

പുതുക്കിയ നിരക്ക് അനുസരിച്ച് മട്ടയരി, കുറുവയരി എന്നിവയുടെ വില ഒരു കിലോഗ്രാമിന് 33 രൂപയായി. നേരത്തെ 30 രൂപയായിരുന്നു. അതുപോലെ തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് 6 രൂപയാണ് വർധിപ്പിച്ചത്. 27ൽ നിന്ന് 33 രൂപയായി പഞ്ചസാരയുടെ നിരക്ക്.

അതേ സമയം മറ്റു ചില ഇനങ്ങളുടെ വില കുറച്ചിട്ടുമുണ്ട്. ചെറുപയറിനും വെളിച്ചെണ്ണക്കുമാണ് വില കുറച്ചത്. വില വർധിപ്പിച്ചതിൽ പ്രതികരണവുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തി. മാര്‍ക്കറ്റ് വിലയുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം. 7 വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനമെന്നും ചിലതിന് വില കൂടും ചിലതിന് കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version