തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ പുരുഷന്മാരുടെ മത്സരമായ റാവിസ് പ്രതിധ്വനി സെവന്‍സില്‍ യുഎസ്ടി ഗ്ലോബലും വനിതകളുടെ മത്സരമായ റാവിസ് പ്രതിധ്വനി ഫൈവ്സില്‍ ടാറ്റ എല്‍ക്സിയും ജേതാക്കളായി.
ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ മത്സരിച്ച ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
റാവിസ് ഹോട്ടല്‍ ഗ്രൂപ്പ്, യൂഡി പ്രൊമോഷന്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. പുരുഷന്മാരുടെ സെവന്‍സ് ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിച്ചു. സ്ത്രീകളുടെ ഫൈവ്സ് ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് പതിനയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ രണ്ടു വിഭാഗക്കാര്‍ക്കും റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ താമസവും ലഭിക്കും. റാവിസ് ഹോട്ടല്‍ ഗ്രൂപ്പ്, യൂഡി പ്രൊമോഷന്‍സ് എന്നിവര്‍ നല്‍കുന്ന സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിച്ചു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന എന്‍. പി പ്രദീപ്, അയ്യപ്പന്‍ എന്‍ ( ജിഎം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജിഎം, ലീല അഷ്ടമുടി കൊല്ലം), നാഗരാജന്‍ നടരാജന്‍ (സിഇഒ ഐ ഡൈനമിക്സ് & ഡയറക്ടര്‍ യൂഡി) തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി. ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് പ്ലേയര്‍ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നല്‍കുന്ന പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.
ജിജിന്‍. എസ് (യുഎസ്ടി) ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റോഷന്‍ റോബിന്‍സണ്‍ (എച്ച് &ആര്‍ ബ്ലോക്ക്) ഫേസ് 1 ടോപ് സ്കോറര്‍ സമ്മാനം നേടി. ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ കൂടിയായ നോളന്‍ ചാള്‍സിനെ (യുഎസ്ടി) പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായി തിരഞ്ഞെടുത്തു. അഖില്‍ ദേവ് (അലിയന്‍സ്) ആണ് സെവന്‍സ് ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പര്‍.
കേരളത്തിലെ പ്രമുഖ ഐടി കമ്പനികളെല്ലാം പങ്കെടുക്കുന്ന പ്രതിധ്വനി ടൂര്‍ണമെന്‍റ് ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ്. 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂര്‍ണമെന്‍റാണ് വ്യാഴാഴ്ച സമാപിച്ചത്.