Press Club Vartha

തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് നാലാം നാൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് നാലാം നാൾ. ഇന്ന് പകലും വെള്ളം എത്തില്ലെന്നാണ് വിവരം. പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് ചില സാങ്കേതിക കാരണങ്ങളാൽ നി‍ർത്തിവെച്ചു. ഇന്നലെ രാത്രി പമ്പിങ് ചെറിയ രീതിയില്‍ പുനരാരംഭിച്ചിരുന്നു. ഇതാണ് ഇന്ന് പുലർച്ചെ നിർത്തിവച്ചത്.

പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതുകൊണ്ടാണ് താത്കാലിലമായി നിർത്തിയത്. പൈപ്പിടൽ ജോലികളും ഇതുവരെ പൂർത്തിയായിട്ടില്ല. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടിവെള്ള വിതരണം നിർത്തിവച്ചത്. റെയില്‍പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുകയായിരുന്നു.

48 മണിക്കൂ‍റിനുള്ളിൽ പണി തീർക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ അവിചാരിത കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇതാണ് ജനങ്ങൾക്ക് തിരിച്ചടിയായത്.

44 വാർഡുകളിലാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. ഇന്ന് രാവിലെയോടെ എല്ലാ വാര്‍ഡുകളിലും വെള്ളമെത്തുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞത്. എന്നാൽ അത് വീണ്ടും നീളുമെന്ന അവസ്ഥയാണ്. ഇപ്പോൾ ഈ വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ രീതിയിൽ വെള്ളം ലഭിക്കുന്നുണ്ട്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം എത്തിയില്ല. കുടിവെള്ളം ഒരുക്കാൻ ബദൽ സംവിധാനം ക്രമീകരിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Share This Post
Exit mobile version