Press Club Vartha

ക്ലൗഡ് സേവനം; സഹകരണവുമായി ഐബിഎസ് സോഫ്റ്റ് വെയറും ജപ്പാനിലെ ഫ്യൂജി ഡ്രീം എയര്‍ലൈന്‍സും

തിരുവനന്തപുരം: വ്യോമയാനമേഖലയില്‍ നിസ്സീമമായ സേവനങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി ജപ്പാനിലെ ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ് ഐബിഎസിന്‍റെ ക്ലൗഡ് നേറ്റീവ് പാര്‍ട്ണര്‍ഷിപ്പിലേക്ക് സഹകരണം വ്യാപിപ്പിച്ചു. വ്യോമയാനമേഖലയില്‍ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നടപ്പാക്കിയുള്ള ആധുനികവത്കരണത്തിലെ പ്രധാന ചുവടുവയ്പാണ് ഐബിഎസും ഫ്യൂജി എയര്‍ലൈന്‍സുമായുള്ള സഹകരണം.

ഫ്യൂജി ഡ്രീം എയര്‍ലൈന്‍സിന്‍റെ ടോക്കിയോ ഡാറ്റാ സെന്‍ററില്‍ നിന്നും സേവനങ്ങള്‍ ആമസോണ്‍ വെബ് ക്ലൗഡിലേക്ക് മാറ്റുന്ന സങ്കീര്‍ണമായ പ്രക്രിയയാണ് ഐബിഎസിന്‍റെ സഹായത്തോടെ നടത്തിയത്. വെറും 48 മണിക്കൂറിനുള്ളില്‍ യാതൊരു പ്രതിബന്ധങ്ങളും ഉണ്ടാക്കാതെയാണ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സിന്‍റെ സോഫ്റ്റ് വെയര്‍ നവീകരണം ഐബിഎസിന്‍റെ ഏവിയേഷന്‍ ഓപ്പറേഷന്‍സ് സൊല്യൂഷന്‍സ് വിഭാഗം നടത്തിയത്.

ഇതോടെ പ്രവര്‍ത്തന ക്ഷമതയില്‍ കൂടുതല്‍ മികവ് നേടാനും കൂടുതല്‍ വാണിജ്യനേട്ടങ്ങള്‍ സ്വന്തമാക്കാനും ഫ്യൂജി ഡ്രീം എയര്‍ലൈന്‍സിനെ ഇത് പ്രാപ്തമാക്കും. മികച്ച ലഭ്യത, വിശ്വാസ്യത, എന്നിവ കൈവരിക്കുന്നതിനോടൊപ്പം വെവ്വേറെ മേഖലകളില്‍ വാണിജ്യ തുടര്‍ച്ച നടത്താനും ഇതു വഴി സാധിക്കും.

ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങളാണ് ഈ മാറ്റത്തിന് ആവശ്യമായിട്ടുള്ളത്. കൂടാതെ ടാര്‍ഗെറ്റുകള്‍ നേടുക, പ്രതിസന്ധികള്‍ പരിഹരിക്കുക, സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ക്കുക തുടങ്ങിയവയ്ക്കായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ആവശ്യമാണ്. വ്യോമയാന വ്യവസായത്തിലെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി തത്സമയ പെര്‍ഫോര്‍മന്‍സ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം മുന്നോട്ടു പോകുന്നത്.

സോഫ്റ്റ് വെയര്‍ മാറ്റത്തില്‍ ഐബിഎസ് സുപ്രധാനമായ പങ്കാണ് വഹിച്ചതെന്ന് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സിന്‍റെ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാതോഷി ഉന്നോ പറഞ്ഞു. ക്ലൗഡ് അധിഷ്ഠിതമായ സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂനത്വത്തില്‍ ഇത്രയധികം താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐബിഎസുമായുള്ള സഹകരണം ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കെട്ടിടത്തിനുള്ളിലെ ഡാറ്റാ സെന്‍റര്‍ ക്ലൗഡിലേക്ക് മാറ്റുന്ന ഘട്ടം ക്രിയാത്മകമായിരുന്നുവെന്ന് ഐബിഎസിന്‍റെ ഏവിയേഷന്‍ ഓപ്പറേഷന്‍സ് സൊല്യൂഷന്‍സ് വിഭാഗം മേധാവിയും കമ്പനി വൈസ് പ്രസിഡന്‍റുമായ ജൂലിയന്‍ ഫിഷ് പറഞ്ഞു. വ്യോമയാന മികവ് വര്‍ധിപ്പിക്കുക മാത്രമല്ല, ഉപഭോക്താവിന് മികച്ച അനുഭവം നല്‍കുകയും ചെയ്യുന്നു. എവിയേഷന്‍ സാങ്കേതികവിദ്യയുടെ സങ്കീര്‍ണതകള്‍ ഏറെ സരളമാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 42 രാജ്യങ്ങളില്‍ നിന്നായി 5,000 ജീവനക്കാരാണുള്ളത്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്‍റെ ഉപഭോക്താക്കളാണ്.

Share This Post
Exit mobile version