തിരുവനന്തപുരം: വയനാട്ടിലെ ചിലവിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും 2018ലെ പ്രളയദുരിതാശ്വാസ നിധി തട്ടിപ്പ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കോവിഡ് കാലത്തെ തട്ടിപ്പ് എന്നിവയില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ഇടതു സര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിതെന്നും കെ സുധാകരൻ ആരോപിച്ചു.
ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികൾ. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയും ദുരന്തബാധിത പ്രദേശത്തേക്ക് വാളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപയും ചെലവിട്ടതായാണ് കണക്ക്. 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി രൂപ ചെലവിട്ടെന്ന കണക്ക് അവിശ്വസനീയമാണ്. ഇത്രയും തുക എങ്ങനെ ചെലവായി എന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുത്തുമലയാണ് ശവസംസ്‌കാരത്തിന് തെരഞ്ഞെടുത്തത്, ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ചെലവ് ഒഴിച്ചാല്‍ എത്ര തുക പരമാവധി ചെവലവാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് സര്‍ക്കാരിന് വിശദമായ കണക്ക് സമര്‍പ്പിക്കേണ്ടിവന്നത്. അല്ലെയെങ്കില്‍ ഇതൊന്നും പുറത്തുവരില്ലായിരുന്നു.
സന്നദ്ധസംഘടനകളും മറ്റും സ്വമേധയാലാണ് വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയത്. പല ക്യാമ്പുകളിലും ഭക്ഷണം പൂര്‍ണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തത്. അവിടെയും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും യുഡിഎഫ് അനുകൂല സംഘടനകളുടെ സൗജന്യ ഭക്ഷ്യവിതരണം തടയുകയും ചെയ്തു. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങൾ സന്നദ്ധ സംഘടനകളും വിവിധ സ്ഥാപനങ്ങളും യഥേഷ്ടം എത്തിച്ചിരുന്നു. ആവശ്യത്തിലധികം വസ്ത്രങ്ങളും ക്യാമ്പുകളില്‍ എത്തിയിരുന്നു എന്ന് ഉത്തരവാദിത്വപ്പെട്ടവർ തന്നെ വ്യക്തമാക്കിയതാണ്. ദുരിതബാധിതര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം കിട്ടിയില്ല എന്ന പരാതി നിരവധി ദുരന്തബാധിതർ ഉന്നയിക്കുന്നുണ്ട്. പൂര്‍ണമായി നശിച്ച വീടിന് 1.30 ലക്ഷം രൂപ മാത്രമാണ് നല്‍കുന്നത്. കൃഷിഭൂമി നശിച്ചിട്ടുണ്ടെങ്കില്‍ ഹെക്ടറിന് അമ്പതിനായിരം രൂപയില്‍ താഴെ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെയാണ് സര്‍ക്കാര്‍ അപമാനിച്ചത്. വയനാടിന്റെ കരളലയിക്കുന്ന ദുരന്തത്തില്‍ മനസലിഞ്ഞ് മുണ്ടുമുറുക്കിയുടുത്ത് സഹായഹസ്തം നീട്ടിയവരെയാണ് സര്‍ക്കാര്‍ വഞ്ചിച്ചത്. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നതെന്നും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ് എന്ന രീതിയില്‍ രേഖപ്പെടുത്തിയ കണക്കാണിതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ എംബി രാജേഷും കെ.രാജനും വിശദീകരിക്കുന്നത്.
സേവന സന്നദ്ധരായി ആ ദുരന്തഭൂമിയിൽ തങ്ങളുടെ സഹോദരങ്ങൾക്കായി പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരെ അടക്കം അവഹേളിക്കുന്നതാണ് സർക്കാർ നിലപാട്. ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.