Press Club Vartha

വ്യാജവാർത്തകൾ നൽകി ദുരന്തബാധിതരെ ദ്രോഹിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുതരത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെയാണ് വയനാട്ടിൽ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണുമുണ്ടായി.

ആ പിന്തുണ തകര്‍ക്കുകയും സഹായം തടയുകയും എന്ന അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് അതിന്‍റെ മറ്റൊരു വശം. ഒരു സംശയവുമില്ലാതെ തുടക്കത്തില്‍ തന്നെ പറഞ്ഞുവെക്കട്ടെ, ഈ നശീകരണ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലാണെന്ന് പറയുന്നില്ല.

കേരളത്തിന്‍റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്‍റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.

ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്‍റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സംവിധാനങ്ങളുടേയും ദുരിതാശ്വാസ നിധികളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിനായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. ഒരു വാര്‍ത്ത ആര്‍ക്കെതിരെയാണോ റിപ്പോര്‍ട്ട് ചെയ്യുന്നത്, അതിനു മുന്‍പ് അവരോട് അതിന്‍റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതിനാവശ്യമായ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ആഗ്രഹിച്ചത്. ഒരു കുടുംബത്തിന്‍റെ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്‍റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.

മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഇടതുപക്ഷ വിരുദ്ധതയുടെ ആഴവും പരപ്പും എന്തെന്നു കാട്ടിത്തരുന്ന കൃത്യമായ ഉദാഹരണമാണ് ‘വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ കൊള്ള’ എന്ന ഏറ്റവും പുതിയ അസത്യ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പകല്‍ മുഴുവന്‍ തങ്ങളാല്‍ കഴിയുംവിധം നുണ പ്രചരിപ്പിച്ച ശേഷം തെറ്റുപറ്റിപ്പോയെന്ന ചിലരുടെ പരിദേവനങ്ങളും പിന്നീട് കേട്ടു. തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത നല്‍കിയതിനുശേഷം ആദ്യം തിരുത്തുകൊടുത്തതു തങ്ങളാണെന്നുവരെ മേനി നടിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് മലയാള മാധ്യമലോകമെന്നും അദ്ദേഹം ആരോപിച്ചു.

ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാര്‍ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവര്‍ക്കുപോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാരിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്‍റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ടുന്ന കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഉണ്ടായ ദുരന്തത്തില്‍ നിന്നും നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനപോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്. ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വ്യക്തികളെ, രാഷ്ട്രീയ പാര്‍ട്ടികളെ ആക്രമിക്കുന്നതും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും മാധ്യമങ്ങളുടെ രീതി ആണ്. അതില്‍ പുതുമ കാണുന്നില്ല. എന്നാൽ ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇവർ ആലോചിക്കുന്നില്ല ഇവരുടെ ഈ വ്യാജ പ്രചാരണങ്ങള്‍ എത്ര പാവപ്പെട്ട മനുഷ്യരെയാണ് ബാധിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇല്ലാതായാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാകാതെ പോകുക. അതോടൊപ്പം വിവിധ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങളും നിലച്ചുപോകും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. അതില്‍ ചികിത്സാസഹായമായി മാത്രം നല്‍കിയത് 685.62 കോടി രൂപയാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് സഹായം ലഭ്യമായത്.

ഇതു കൂടാതെ പ്രളയബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ വന്ന ശേഷം 856.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ദുരിതമനുഭവിച്ചവര്‍ക്ക് 380.95 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കാലയളവില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

 

Share This Post
Exit mobile version