തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ. ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായിട്ടാണ് ഭാരത യാത്ര നടത്തുന്നത്.
സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കും. പാരാലിംപ്യന്‍ ബോണിഫെയ്‌സ് പ്രഭു, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ജയഡാളി.എം.വി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും.
ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി മേതില്‍ദേവികയുടെ സൈന്‍ ലാംഗ്വേജിന്റെ പശ്ചാത്തലത്തില്‍ നൃത്താവതരണവും പ്രശസ്ത ബുള്‍ബുള്‍ വാദകന്‍ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്‌കാരവും നടക്കും.