തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രാദുരിതം നാൾക്കു നാൾ വർധിച്ചു വരികയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് പരിഹരിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കൂടുതൽ മെമു ട്രെയിനുകളുടെ റേക്കുകൾ കേരളത്തിന് അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം.
തിരക്ക് മൂലം ട്രെയിനുകൾക്കുള്ളിൽ യാത്രക്കാർ കുഴഞ്ഞു വീഴുന്നത് പതിവായിരിക്കുന്നുവെന്നും ഇന്നും സമാനമായ പ്രശ്നം കേരളത്തിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹൈവേകളിൽ പണി നടക്കുന്നത് മൂലം കൂടുതൽ ആൾക്കാർ ട്രെയിനെ ആശ്രയിക്കുന്നതും തിരക്ക് കൂടുന്നതിന് ഒരു കാരണമാണ്.
അതിവേഗത്തിൽ പോകുന്ന, എന്നാൽ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന മെമു ട്രെയിനുകൾ യാത്രാദുരിതം പരിഹരിക്കുന്നതിന് ഏറെ സഹായകമാണ്. ഇത് 200 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവർക്ക് വളരെ ഫലപ്രദവും എക്സ്പ്രസ് ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ പര്യാപ്തവും ആണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
റെഗുലർ യാത്രക്കാർക്ക് ഗുണപ്രദമാകുന്ന തരത്തിൽ കൂടുതൽ റേക്കുകൾ അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.