തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയില്‍. തമിഴ്നാടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അതി സാഹസികമായിട്ടാണ് പ്രതികളെ പോലീസ് പിടികൂടിയത്. തമിഴ്നാട് നാമക്കലിലെ കുമാരപാളയത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ വെടിയേറ്റ് മരിച്ചു. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിനിടയിലാണ് വെടിയേറ്റത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു.
ഹരിയാന സ്വദേശികളാണ് പ്രതികൾ. ഇവരുടെ പക്കൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. മോഷ്ട്ടിച്ച പണവുമായി പ്രതികൾ കണ്ടെയ്നറിൽ പോവുന്നതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടതോടെയാണ് തമിഴ്നാട് പോലീസ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. മണ്ണുത്തിക്കടുത്ത് വെച്ചാണ് കാർ കണ്ടെയ്നറിൽ കയറ്റിയതെന്നാണ് നിഗമനം. പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ചയെന്നാണ് നിഗമനം. കേരള പോലീസ് തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.