Press Club Vartha

നിയമസഭ സമ്മേളനം ആരംഭിച്ചു; മേപ്പാടിയിലെ അതിജീവിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. മേപ്പാടിയിലെ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലങ്ങാടിലും സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. രണ്ടിടങ്ങളിലെയും അതിജീവിതര്‍ക്കു വേണ്ട അടിയന്തര സഹായങ്ങള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയസഭ സമ്മേളനത്തിൽ വയനാട്ടിലെ മേപ്പാടിയിലും, കോഴിക്കോട്ടെ വിലങ്ങാടിലും ഉണ്ടായ ദുരന്തങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകകായിരുന്നു അദ്ദേഹം. ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ജീവിതം പുനഃസ്ഥാപിച്ചു നൽ കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ പ്രവചനം ശക്തിപ്പെടുത്തുന്ന വിധത്തിൽ റഡാറുകള്‍ ഉള്‍പ്പെടെ കൂടുതൽ നിരീക്ഷണ സംവിധാനങ്ങള്‍ കേരളത്തിന് ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടൽ പ്രവചനം മെച്ചപ്പെടുത്തുന്നതിന് ദേശീയ ഏജന്‍സികളുടെ ഗവേഷണം ശക്തിപ്പെടുത്തണം എന്നും അവയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ സമ്മേളനത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും. സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ സർക്കാർ കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബർ 18ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

Share This Post
Exit mobile version