Press Club Vartha

മുതുകാടിന്റെ ഭാരതയാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. ഭാരതയാത്രയ്ക്കുള്ള റൂട്ട് മാപ്പ് മുതുകാടിന് സമ്മാനിച്ചാണ് യാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നത്.

ഇന്ത്യയിലെ ഭിന്നശേഷി സമൂഹത്തെ ചേര്‍ത്തുപിടിക്കാനും സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുവാനും മുതുകാടിന് ഈ യാത്രയിലൂടെ സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യാത്രകളിലൂടെയാണ് പല സത്യങ്ങളും കണ്ടെത്തുന്നത്. ബോണ്‍സായ് വൃക്ഷകലയെക്കുറിച്ച് തനിക്ക് പുസ്തകമെഴുതാനായത് യാത്രകളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓസ്‌ട്രേലിയയില്‍ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഹ്രസ്വ ചിത്രമത്സരമായ ഫോക്കല്‍ ഓണ്‍ എബിലിറ്റിയില്‍ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഇസൈ – ദ വോയ്‌സ് അണ്‍ഹേര്‍ഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷമില്‍ രാജ്, ലീഡ് റോള്‍ കൈകാര്യം ചെയ്ത ഡിഫറന്റ് ആര്‍ട് സെന്ററിലെ അമല്‍ കൃഷ്ണ, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ അനന്തുവിജയ്, ശ്രീരാഗ് രാധാകൃഷ്ണന്‍, അമല്‍രാജ്, അര്‍ജുണ്‍രാഗ് എന്നിവരെ ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈലാതോമസ് എന്നിവര്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ 6ന് കന്യാകുമാരിയിലാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. രാവിലെ 7.30ന് ഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രി എന്‍.ദളവായ് സുന്ദരം എം.എല്‍.എ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍.മഹേഷ് പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 11ന് കുമാരകോവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്യാമ്പസില്‍ ഭാരതയാത്രയുടെ ബോധവത്കരണ പരിപാടി നടക്കും. കന്യാകുമാരി കളക്ടര്‍ അലഗുമീന ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍.ഐ.സി.എച്ച്.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ മന്ത്രി മനോ തങ്കരാജ് അദ്ധ്യക്ഷത വഹിക്കും. എസ്.പി ഇ.സുന്ദരവദനനം ഐ.പി.എസ് മുഖ്യാതിഥിയാകും. എന്‍.ഐ.സി.എച്ച്.ഇ പ്രൊ ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍ സ്വാഗതവും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നന്ദിയും പറയും. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Share This Post
Exit mobile version