Press Club Vartha

കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിലെ ശുചിമുറി മാലിന്യം നടവഴിയിൽ ഒഴുക്കി

കഴക്കൂട്ടം: രാത്രിയുടെ മറവില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിലെ ശുചിമുറി മാലിന്യം നടവഴിയിൽ ഒഴുക്കി. സ്ഥലം ഉടമക്ക് 50,000 രൂപ പിഴയൊടുക്കാൻ നോട്ടീസ്.

കഴക്കൂട്ടം ശ്രീനഗറിൽ റെയിൽവേ ലൈനിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കഴക്കൂട്ടം, വിളയിൽക്കുളം സ്വദേശി അശോകനാണ് താൽക്കാലിക മുറികൾ നിർമിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയിരിക്കുന്നത്. ഇവിടുത്തെ ശുചിമുറി മാലിന്യമാണ് മോട്ടോർ ഉപയോഗിച്ച് നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന പാതയിലേക്ക് ഒഴുക്കിയത്.

ശനിയാഴ്ച രാത്രി അസഹ്യമായ ദുര്‍ഗന്ധം പ്രദേശമാകെ പരന്നതോടെയാണ് സമീപവാസികള്‍ വിവരമറിയുന്നത്. തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും കഴക്കൂട്ടം പൊലീസിനെയും നഗരസഭ ആരോഗ്യ വിഭാഗത്തെയും അറിയിക്കുകയും ചെയ്തു. പൊലീസും നഗരസഭ ഹെൽത്ത് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലം ഉടമയുമായി ഫോണിൽ ബന്ധപ്പെട്ട് മാലിന്യം മണ്ണിട്ടുമൂടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ആരോഗ്യ വിഭാഗം പ്രവർത്തകരെത്തി പ്രദേശത്ത് ബ്ലീച്ചിങ് പൗഡർ വിതറിയെങ്കിലും മാലിന്യം മണ്ണിട്ടുമൂടുനോ വഴി പൂർവസ്ഥിതിയിലാക്കുവാനോ ഉടമ തയാറായില്ല. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ മാലിന്യം പരന്നൊഴുകിയ നിലയിലാണ്.

കഴക്കൂട്ടം സ്കൂൾ, ബസ് സ്റ്റോപ്, മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാൻ പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. അടിയന്തരമായി മാലിന്യം മണ്ണിട്ട് മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുപ്പതിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ ഈ ക്യാമ്പിൽ കഴിയുന്നത്. ഓപ്പം മദ്യപസംഘത്തിന്‍റെ താവളംകൂടിയാണിവിടം. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

സംഭവത്തിൽ സ്ഥലം ഉടമ അശോകന് 50,000 രൂപ പിഴയൊടുക്കാൻ നഗരസഭ കഴക്കൂട്ടം സോണൽ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പിഴയൊടുക്കിയില്ലെങ്കിൽ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Share This Post
Exit mobile version