
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഒന്നര മണിക്കൂർ ഇരുത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലാണ് സംഭവം നടന്നത്. പീഡനത്തെ തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിലും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകിയിട്ടുണ്ട്. വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടി അവധി അവധിയെടുത്തതിൽ പ്രതികാര നടപടിയായാണ് അദ്ധ്യാപിക കുട്ടിയെ സാങ്കല്പിക കസേരയിൽ ഇരുത്തിയത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ കാണാനായി ‘അമ്മ എത്തിയപ്പോഴാണ് ഈ പീഡന വിവരം പുറത്തറിയുന്നത്.
കുട്ടി അമ്മയോട് ശാരീരിക പ്രശ്നങ്ങൾ പങ്കുവച്ചിരുന്നു. നല്ല നടുവേദന അനുഭവപ്പെടുന്നുമെന്നും കുട്ടി അമ്മയോട് പറഞ്ഞു. ഇതേ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
