Press Club Vartha

ഐന്‍സര്‍ടെക്ക് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ഐന്‍സര്‍ടെക് (എജെഎംഎസ് ഗ്രൂപ്പ്) ടെക്നോപാര്‍ക്ക് ഫേസ് 3 യിലെ യമുന ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഷുറന്‍സ്, സാമ്പത്തിക മേഖലകളില്‍ നൂതന പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാദേശിക വ്യക്തികളുടെ നൈപുണ്യം ഉപയോഗപ്പെടുത്തുകയാണ് ദുബായ് ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം.

ശനിയാഴ്ച നടന്ന ചടങ്ങില്‍ എജെഎംഎസ് ഗ്ലോബല്‍ മാനേജിംഗ് പാര്‍ട്ണര്‍ കോമള്‍ ജാജൂ, എജെഎംഎസ് ഗ്രൂപ്പ് സിഇഒയും സ്ഥാപകനും ദുബായിലെ ഹേഫോര്‍ഡ് സഹസ്ഥാപകനും സിഇഒയുമായ ഡോ. അഭിഷേക് ജാജൂ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമാറ ഗ്രൂപ്പ് സിഇഒ സുന്ദീപ് റായ്ചുറ, ഐന്‍സര്‍ടെക് സിഇഒ രാജ് കുമാര്‍ ടിആര്‍, റെമിറ്റക്സ് ടെക്നോളജീസ് സിഇഒ സതീഷ് പി മേനോന്‍, ഐന്‍സര്‍ടെക് ബോര്‍ഡ് അംഗം ഗൗരവ് ബൈഡ്, സിംഗപ്പൂരിലെ വണ്‍ ലൈഫ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. വാസ് മേട്ടുപള്ളെ എന്നിവരും യുഎഇ, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് പങ്കാളികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

എജെഎംഎസിന് നേതൃത്വത്തിലുള്ള കണ്‍സള്‍ട്ടിങ്ങിന്‍റെയും സാങ്കേതികവിദ്യയുടെയും സംയോജനം മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലകളില്‍ സ്വാധീനം ചെലുത്തിയതിനെ സംബന്ധിച്ചും ആഗോള വിപണികളിലേക്കുള്ള തങ്ങളുടെ വിപുലീകരണത്തെക്കുറിച്ചും ഡോ. അഭിഷേക് ജാജൂ പരാമര്‍ശിച്ചു. കേരള സര്‍ക്കാര്‍, ടെക്നോപാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഗ്ലോബല്‍ ജൈടെക്സില്‍ കെഎസ് യുഎം കമ്പനിയ്ക്ക് നല്‍കിയ പിന്തുണയെ പറ്റിയും സംസാരിച്ചു.

2021 ജൂണില്‍ സ്ഥാപിതമായ ഐന്‍സര്‍ടെക്കിന്‍റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. വെറും മൂന്ന് വര്‍ഷം കൊണ്ട് 120 ജീവനക്കാരുമായി കമ്പനി വിപുലമാക്കി. എജെഎംഎസ് ഗ്രൂപ്പിന്‍റെ സ്ഥാപനമായ ഐന്‍സര്‍ടെക് ജനറല്‍ ഇന്‍ഷുറന്‍സ്, തകാഫുല്‍, ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് തുടങ്ങി ഇന്‍ഷുറന്‍സ്, ഫിന്‍ടെക് വ്യവസായങ്ങളിലെ വിവിധ മേഖലകളില്‍ നൂതനമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വൈഗദ്ധ്യം പുലര്‍ത്തുന്ന കമ്പനിയാണ്. മേഖലയിലെ വെല്ലുവിളികള്‍ അതിജീവിക്കാനായി നിരവധി എഐ അധിഷ്ഠിത കഴിവുകളും പ്രയോജനപ്പെടുത്തുന്നു.

സാങ്കേതിക വിദഗ്ധരുടെ കേന്ദ്രമെന്ന നിലയിലാണ് ഐന്‍സര്‍ടെക്കിന്‍റെ പ്രവര്‍ത്തനം ടെക്നോപാര്‍ക്കിലേക്ക് വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള ഉയര്‍ന്ന ടാലന്‍റ് പൂള്‍ ലഭ്യമാക്കി ആഗോള വ്യവസായ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിനുള്ള അത്യാധുനിക ഇന്‍ഷുറന്‍സ് സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

റെഗുലേറ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ ബിസിനസില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും കാര്യക്ഷമമായ സാങ്കേതിക പരിഹാരങ്ങള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ലഭ്യമാക്കുന്നതായി ഐന്‍സര്‍ടെക്ക് സിഇഒ രാജ് കുമാര്‍ ടി ആര്‍ പറഞ്ഞു. കേരളത്തിന്‍റെ ഐടി ആവാസവ്യവസ്ഥയിലെ ടാലന്‍റ് പൂള്‍ പ്രയോജനപ്പെടുത്തി ഭാവിയില്‍ കൂടുതല്‍ വിപുലീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് രീതികളും അത്യാധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഇന്‍ഷുറന്‍സ് മേഖലകള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍ ഐന്‍സര്‍ടെക്ക് ലഭ്യമാക്കുന്നു. ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസിന്‍റെ പ്രവര്‍ത്തനത്തിലൂടെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് ഐന്‍സര്‍ടെക്ക് സജ്ജമാണ്.

Share This Post
Exit mobile version