Press Club Vartha

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ കൂടുതൽ ഉൾച്ചേരാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും അസിസ്റ്റീവ് ടെക്നോളജി സഹായകമാകുമെന്നും സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഇത്തരം ഉപകരണങ്ങൾ ലഭ്യമാക്കാൻ ഗവേഷണങ്ങളും, പദ്ധതികളും കൊണ്ടുവരാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്‍നിരയിലേക്കു വരണമെന്നും മന്ത്രി വ്യക്തമാക്കി.

അസിസ്റ്റീവ് ടെക്‌നോളജി മേഖലയിലെ വാർഷിക കോൺഫറൻസായ എംപവർ 24ന്റെ ഉദ്ഘാടനവും നിഷിന്റെ ഓണ്ലൈൻ മാഗസിനായ IRIS ന്റെ ആദ്യപതിപ്പിന്റെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം നിഷ്-ൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ആയാസരഹിതമായ ദൈനംദിന ജീവിതത്തിന് സഹായിക്കുന്ന, അവരെ സമൂഹത്തിലേയ്ക്ക് ഇഴുകിച്ചേരാന്‍ തക്കവിധം പ്രാപ്തരാക്കുന്ന സഹായ സാങ്കേതിക വിദ്യകളുടെ പ്രചാരത്തിന് എംപവര്‍ പോലുള്ള സമ്മേളനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. മാത്രമല്ല നഗരങ്ങളിലും ഗ്രാമങ്ങളിലും ഭിന്നശേഷികളെ കുറിച്ചും, വിവിധ ഭിന്നശേഷികള്‍ക്കും വയോജനങ്ങള്‍ക്കും, രോഗികള്‍ക്കും ഉപകാരപ്പെടുന്ന സഹായ ഉപകരണങ്ങളെ കുറിച്ചും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ അതിന് മുന്‍കൈ എടുക്കണം എന്നും ​​​അദ്ദേഹം പറഞ്ഞു.

പ്രദര്‍ശനങ്ങള്‍, ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. കേരളത്തില്‍ ആദ്യമായാണ് എംപവര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബാംഗ്ലൂർ , ഐ ഐ ടി ഡൽഹി, വേൾഡ് ഹെൽത്ത്‌ ഓർഗാണൈസേഷൻ, കേരള സ്റ്റാർട്ട്‌-അപ്പ്‌ മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് നിഷ് എംപവർ 2024 സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അസിസ്റ്റീവ് ടെക്നോളജിയെക്കുറിച്ച് പഠിക്കാനും ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇതൊരു മികച്ച അവസരമാണ്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എംപവര്‍ 24 ശനിയാഴ്ച സമാപിക്കും.

ചടങ്ങില്‍ സാമൂഹ്യനീതിവകുപ്പ് അസിസ്റ്റന്‍ന്‍റ് ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐഎഎസ്, ഐ ഐ ടി ഡൽഹി പ്രൊഫസര്‍ എം. ബാലകൃഷ്ണന്‍ , നിഷ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുജ കുന്നത്ത്, വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ധർ, സംരംഭകർ, എൻജിഒ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Share This Post
Exit mobile version