Press Club Vartha

ഖേലോ ഇന്ത്യയിലൂടെ ദേശീയ തലത്തിൽ വനിതാ കായികതാരങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു: കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ

തിരുവനന്തപുരം: ഖേലോ ഇന്ത്യയിലൂടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്ലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തിരുവനന്തപുരം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെൻ്റർ എൽഎൻസിപിഇയിൽ പുതുതായി നിർമിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഹോസ്റ്റൽ യുവ വനിതാ കായികതാരങ്ങളുടെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2036 ൽ ഒളിമ്പിക്‌സിൽ ഇന്ത്യ ആതിഥേയത്വം വഹിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആവർത്തിച്ച കേന്ദ്ര മന്ത്രി ഇന്ത്യ മെഡൽ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടണമെന്നും പറഞ്ഞു. ഗവണ്മെൻ്റിൻ്റെ ഇച്ഛാശക്തിക്കൊപ്പം കായിക താരങ്ങളും അണിനിരക്കണം.

രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്നതിനുള്ള അവസരമാണ് ഒരുക്കി നൽകുന്നതെന്നും, അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങൾ സ്പോർട്‌സിനെ ഗവണ്മെന്റ് ജോലിയിലേക്കുള്ള വഴിയായി മാത്രം കാണരുതെന്നും രാജ്യത്തിന് വേണ്ടി കളിച്ച്,മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു ഒരു വ്യക്തിയുടെ മെഡൽ നേട്ടം രാജ്യത്തിനാകെ ബഹുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ പഞ്ചപ്രാൺ പ്രഖ്യാപനത്തെ കുറിച്ചും കേന്ദ്ര മന്ത്രി പരാമർശിച്ചു.

ഖേലോ ഇന്ത്യ അടിസ്ഥാന സൗകര്യ നിർമാണവും വികസനവും പദ്ധതിയുടെ കീഴിലാണ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. 2014 മുതൽ, ഖേലോ ഇന്ത്യ സ്കീമിന് കീഴിൽ 202 അടിസ്ഥാന സൗകര്യ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു. കൂടാതെ 121 പദ്ധതികളുടെ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 32.88 കോടി ചെലവിൽ നിർമ്മിച്ച മൂന്ന് നിലകളുള്ള ഹോസ്റ്റലിൻ്റെ ആകെ വിസ്‌തീർണ്ണം 7,470.60 ചതുരശ്ര മീറ്റർ ആണ്. പെന്റഗൺ ആകൃതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹോസ്റ്റലിൽ അഞ്ച് ബ്ലോക്കുകൾ ഉൾപ്പെടുന്നു. ഈ നൂതന വാസ്‌തുവിദ്യ കൂടുതൽ ഇടം നൽകുകയും നല്ല അന്തരീക്ഷം പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

108 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഭക്ഷണ സ്ഥലവും, സ്റ്റോറേജ് റൂമുകളും, സ്റ്റാഫ് ഡോർമിറ്ററിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. താഴത്തെ നിലയിൽ ശുചിമുറിയോട് കൂടിയ 18 സ്റ്റുഡിയോ മുറികളും,വിശ്രമത്തിനായി രണ്ട് പൊതുവായ മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വാപ്‌കോസിനായിരുന്നു നിർമാണ ചുമതല സായി ആർസി എൽഎൻസിപി പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി. കിഷോർ, കാമ്പസിനെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരങ്ങളെ കേന്ദ്രമന്ത്രി ആദരിച്ചു. അർജുന അവാർഡ് ജേതാക്കളായ പത്മിനി തോമസ്, എസ് ഓമനകുമാരി, ഗീതു അന്ന ജോസ്, സജി തോമസ്, വി ദിജു എന്നിവർ കേന്ദ്ര മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങി.പദ്മശ്രീ കെ എം ബീന മോളും ചടങ്ങിൽ പങ്കെടുത്തു, സായ് എക്സിക്യൂട്ടിവ് ഡയറക്ട‌ർ ശ്രീമതി ഋതു പഠിക് ചടങ്ങിന് നന്ദി അറിയിച്ചു.

Share This Post
Exit mobile version