തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനാണ് പ്രശാന്തൻ. ഇയാളെ ഇനി ജോലിയിൽ സ്ഥിരപ്പെടുത്തില്ലെന്നും ഇനി സർക്കാർ ശമ്പളം ഇയാൾ വാങ്ങിക്കില്ലെന്നും വീണ ജോർജ് വ്യക്തമാക്കി.
പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്നപ്പോൾ തന്നെ ഡിഎംഇ, ജെഡിഎംഇ എന്നിവർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക വിവരങ്ങൾ പ്രിൻസിപ്പാൽ ഡിഎംഇക്ക് നൽകിയെന്നും മന്ത്രി അറിയിച്ചു.