Press Club Vartha

തിരുവനന്തപുരം മൃഗശാലയിൽ കൂടുതൽ പക്ഷികളെയും മൃഗങ്ങളെയും എത്തിക്കും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിൽ വിവിധങ്ങളായ പുതിയ പക്ഷി മൃഗാദികളെ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയിൽ നിർമാണം പൂർത്തീകരിച്ച കരപക്ഷികളുടെ പരിബന്ധനത്തിന്റെയുംക്വാറന്റൈൻ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല. പ്രതിദിനം കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകളാണ്  മൃഗശാല സന്ദർശിക്കുന്നത്. മുൻപുണ്ടായിരുന്ന ജിറാഫടക്കമുള്ള മൃഗങ്ങൾ  ഇല്ലാതായ സാഹചര്യത്തിലും പുതിയ നിരവധി  മൃഗങ്ങളെ ഇവിടെ എത്തിക്കാൻ കഴിഞ്ഞു.  നമുക്ക് കൂടുതൽ ഉള്ള മൃഗങ്ങളെ മറ്റ് മൃഗശാലകളിലേക്ക് കൈമാറ്റം ചെയ്തിട്ടാണ് നമുക്കാവശ്യമുള്ള മൃഗങ്ങളെ സ്വീകരിക്കുന്നത്.     മനുഷ്യന് ശല്യമുണ്ടാക്കുന്ന കടുവ അടക്കമുള്ള മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു.  സമയ ബന്ധിതമായി ആഹാരം ,വെള്ളംമരുന്ന് എന്നിവ നൽകി  മൃഗപരിപാലനത്തിൽ രാജ്യത്തിന് മാതൃകയാണ് തിരുവനന്തപുരം മൃഗശാല.

മക്കാവു ഉൾപ്പെടെയുള്ള പക്ഷികൾ മൃഗശാലയിൽ ഇന്നെത്തിയ സാഹചര്യത്തിലാണ് കരപക്ഷികൾക്കുള്ള പരിബന്ധനം സജ്ജീകരിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടി ശസ്ത്രക്രിയ അടക്കം ചെയ്യാൻ കഴിയുന്ന മൃഗാശുപത്രി,   മൃഗങ്ങളെയും പക്ഷികളെയും താൽക്കാലികമായി പാർപ്പിച്ച് നിരീക്ഷിക്കുന്നതിനുള്ള ക്വാറന്റെൻ കേന്ദ്രം എന്നിവ സംസ്ഥാന സർക്കാർ ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്.  പുതിയ പക്ഷി മൃഗാദികളെ എത്തിക്കുമ്പോൾ ഒരു മാസമെങ്കിലും  മാറ്റിനിർത്തി  അസുഖം സാധ്യത നിരീക്ഷിക്കുന്നതിനാണ് ക്വാറന്റെൻ കേന്ദ്രം സജ്ജീകരിച്ചത്. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായുള്ള ഈ പദ്ധതികൾ തിരുവനന്തപുരം മൃഗശാലയുടെ ആധുനീകരണത്തിൽ നിർണായക പങ്കു വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ് വി വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺമൃഗശാല സൂപ്രണ്ട് വി രാജേഷ് എന്നിവർ സംബന്ധിച്ചു.

Share This Post
Exit mobile version