Press Club Vartha

ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും

കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്.

15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന് ശേഷം നൈപുണ്യം നേടിയവര്‍ക്കായി അങ്കമാലി ചമ്പന്നൂര്‍ പഞ്ചായത്തിലെ എറണാകുളം വെല്‍ഫെയര്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നഴ്‌സറിയും തുറന്നു. ഇത്തരം നൈപുണ്യം നേടുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ഉപജീവനമാര്‍ഗം കണ്ടെത്തുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ. ജീമോന്‍ കോര പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും മാന്‍ കാന്‍കോര്‍ പ്രതിജ്ഞാബദ്ധമാണ്. എറണാകുളം വെല്‍ഫെയര്‍ സര്‍വീസുമായുള്ള പങ്കാളിത്തത്തിലൂടെ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും വിജയിക്കാന്‍ അവസരമൊരുക്കുന്ന സാമൂഹിക തുല്യത ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചമ്പന്നൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച നഴ്‌സറിയുടെ ഉദ്ഘാടനം വി മാന്‍ ഫില്‍സ് പ്രസിഡന്റ് ജോണ്‍ മാന്‍, വി മാന്‍ ഫില്‍സ് ഇ.എം.ഇ.എ(യൂറോപ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) റീജിയണല്‍ ഡയറക്ടര്‍ സമന്ത മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസ് എക്‌സി. ഡയറക്ടര്‍ ഫാദര്‍ ജോസഫ് കുളുത്തുവേലില്‍, മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ.

ജീമോന്‍ കോര, വിവേക് ജെയിന്‍(സി.എഫ്.ഒ, ഇന്ത്യ ആൻഡ് ശ്രീലങ്ക, മാന്‍ കാന്‍കോര്‍), പ്രതാപ് വള്ളിക്കാടന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്-ബിസിനസ്,മാന്‍ കാന്‍കോര്‍), മാത്യു വര്‍ഗീസ് (സീനിയര്‍ വൈസ് പ്രസിഡന്റ്-ഓപ്പറേഷന്‍സ്), മാര്‍ട്ടിന്‍ ജേക്കബ് (വൈസ് പ്രസി.- എച്ച്.ആര്‍,) എന്നിവര്‍ പങ്കെടുത്തു.

Share This Post
Exit mobile version