Press Club Vartha

മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് പത്തിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് തുടക്കമായി. ആഘോഷ പരിപാടികള്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ പത്തിന കര്‍മ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. കൗണ്‍സിലര്‍ ഡി.ബിനു, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ അഡ്വ.ജയഡാളി എം.വി, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷി വിഭാഗത്തിന്റെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, മാജിക് ഫെസ്റ്റിവല്‍, കാര്‍ഷിക മേള, ചെസ് ടൂര്‍ണമെന്റ്, ഫ്യൂഷന്‍ ഫെസ്റ്റിവല്‍, ഗ്രാന്റ് ഷോ, ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്, ഇന്‍ക്ലൂസീവ് ഇന്ത്യ, ഭിന്നശേഷി വിഭാഗത്തിന്റെ കലോത്സവം, ഫോട്ടോഗ്രാഫി ഫെസ്റ്റ് എന്നിവയാണ് പത്തിന പരിപാടികള്‍. രണ്ട് മാസം നീളുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ 31ന് സമാപിക്കും.

പത്തിന കര്‍മപദ്ധതികളിലെ ആദ്യ പരിപാടിയായ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനം ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയെ അധികരിച്ചുള്ള ഷോര്‍ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.

Share This Post
Exit mobile version