Press Club Vartha

ജനകീയ പിന്തുണയോടെ പൊതുവിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കും : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് പരിപാടി രൂപീകരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യ നിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും നടപടി സ്വീകരിച്ചു വരുന്നു. മെരിറ്റ് മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയുളള പദ്ധതികളും പ്രവർത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളിൽ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന പ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് 2016-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചതും തുടർച്ചയായി വിദ്യാകിരണം മിഷൻ നടപ്പാക്കിയതും. അതിനാലാണ് സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലയങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയർന്നത്. ഈ ഭൗതിക സാഹചര്യങ്ങളെയും കൂടി ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഇത് മുൻനിർത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടു മാത്രം ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ല. വിദ്യാലയങ്ങളിൽ അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ പരീക്ഷയ്ക്കു ശേഷവും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ പഠനപിന്തുണ ആവശ്യമുളള കുട്ടികളെ കണ്ടെത്തി പരിഹാര മാർഗങ്ങൾ തേടി കുട്ടികൾ നിശ്ചിത ശേഷികൾ നേടുന്നുണ്ട് എന്ന് ചുമതലയുളള ടീച്ചർമാർ ഉറപ്പുവരുത്തണമെന്ന് മന്ത്രി അറിയിച്ചു.

ഓരോ വിദ്യാലയത്തിലെയും എല്ലാ കുട്ടികൾക്കും പഠന പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. പാദ, അർദ്ധ, വാർഷിക പരീക്ഷകൾക്കു ശേഷമുളള ദിവസങ്ങളിൽ പരിഹാരബോധന പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണം. നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഓരോ ക്ലാസ്സിലും പ്രവർത്തനരേഖ വികസിപ്പിക്കേണ്ടതാണ്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കീം ഓഫ് വർക്കിന്റെയും ടീച്ചർ ടെക്സ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. നിരന്തര മൂല്യനിർണ്ണയം സമഗ്രവും സുതാര്യവുമാക്കുന്നതിന് നിലവിൽ ഉപയോഗത്തിലിരിക്കുന്ന സഹിതം പോർട്ടലിനോടോപ്പം സമഗ്ര പ്ലസും ഉപയോഗപ്പെടുത്തേണ്ടതാണ്.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version