Press Club Vartha

ശാന്തിഗിരിയില്‍ കാര്‍ഷിക സെമിനാര്‍ നാളെ

പോത്തന്‍കോട് : കാര്‍ഷിക മേഖലയുടെ സാധ്യതകളും നൂതന മുന്നേറ്റങ്ങളും പൊതുജനങ്ങളിലെത്തിക്കാനും പ്രാദേശിക കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ശാന്തിഗിരി ആശ്രമം വേദിയൊരുക്കുന്നു. തിരുവനന്തപുരം നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ , ആത്മ, മാണിക്കല്‍ അഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവരുമായി സഹകരിച്ച് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 7 വ്യാഴാഴ്ച) നടക്കുന്ന സെമിനാറില്‍ വെമ്പായം, മാണിക്കല്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ പങ്കെടുക്കും .

‘നമ്മുടെ കൃഷി, നമ്മുടെ വരുമാനം- സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന പേരില്‍ ‍ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു.സി.കുറുപ്പ് നിര്‍വഹിക്കും. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമാകും. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അനില്‍കുമാര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ശാന്തിഗിരി ആശ്രമം പ്രോജക്ട്സ് അഡ്വൈസര്‍ സുനില്‍ രാഘവന്‍, മാണിക്കല്‍ അഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ചെയര്‍മാന്‍ എം.എസ്.രാജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന സെമിനാറിന്റെ ആദ്യ സെഷനില്‍ കാര്‍ഷിക മേഖലയിലെ അനന്തസാദ്ധ്യതകളെക്കുറിച്ച് കെ.ജി. ഗിരീഷ് കുമാറും വാഴ- അഗ്രി ബിസിനസ് സാദ്ധ്യതകളെക്കുറിച്ച് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബി.വി.അദ്രികയും ക്ലാസെടുക്കും. ഡ്രാഗന്‍ ഫ്രൂട്ട് കൃഷിയിലെ വെല്ലുവിളികളും സാധ്യതയും സംബന്ധിച്ച് പാങ്ങോട് വൈശാഖ് ഗാര്‍ഡന്‍സ് മാനേജര്‍ കെ.വിജയന്‍ വിഷയാവതരണം നടത്തൂം. വിജയകരമായ രീതികള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെയും കാര്‍ഷിക മേഖലയിലെ നൂതന ആശയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ എസ്.സന്തോഷ് കുമാറിനെയും ചടങ്ങില്‍ ആദരിക്കും.

നബാര്‍ഡിന്റെ വിവിധ സ്കീമുകളെക്കുറിച്ച് റോണി രാജു, കിരണ്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ.എസ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ജിന്‍രാജ്, കൃഷി ഓഫീസര്‍മാരായ സതീഷ് കുമാര്‍.ഐ.ബി, സുനില്‍.ബി, പ്രശാന്ത് എന്നിവര്‍ ഉച്ചതിരിഞ്ഞുളള സെഷനില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും. ചോദ്യോത്തരവേളയും പാനല്‍ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി നടക്കുമെന്ന് ശാന്തിഗിരി ആശ്രമം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ്.എം.പി. അറിയിച്ചു.

Share This Post
Exit mobile version