Press Club Vartha

ഭിന്നശേഷി മേഖലയ്ക്കായുള്ള ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര ഒരുമാസം പിന്നിടുന്നു

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത പര്യടനം വിജയകരമായി ഒരുമാസം പിന്നിടുന്നു. ഒക്ടോബര്‍ 6ന് ആരംഭിച്ച യാത്ര ഒരു മാസം പിന്നിടുമ്പോള്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ബോധവത്കരണ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ 28ന് ചെന്നെയില്‍ നാന്ദി കുറിച്ച യാത്ര ഒക്ടോബര്‍ 2ന് ലക്ഷദ്വീപില്‍ ആമുഖ പരിപാടി അവതരിപ്പിച്ച് ഒക്ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നും യാത്ര തിരിച്ചു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ആസ്സാം, നാഗാലാന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നിരവധി മലയാളി അസോസിയേഷനുകളിലും പരിപാടി അരങ്ങേറി. ആവേശകരമായ സ്വീകരണമാണ് ഓരോ പരിപാടിക്കും വിവിധയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയില്‍ ഭിന്നശേഷി മേഖലയില്‍ സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ സഹകരണത്തോടെ നടത്തുന്ന യാത്രയില്‍ ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് പ്രചാരണ വിഷയമാക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയും അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ഭിന്നശേഷി മേഖലയ്ക്കായി ഒരു ഇന്ദ്രജാല കലാകാരന്‍ ഭാരതയാത്ര നടത്തുന്നത്.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ ആദരം, നാഗാ ഗവര്‍ണര്‍ ലാ ഗണേശന്റെ അനുമോദനം തുടങ്ങിയ നിരവധി പ്രമുഖരുടെ ആശംസകളും പിന്തുണയും ഏറ്റൂവാങ്ങിയാണ് യാത്ര തുടരുന്നത്. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കലാകാരന്മാരുടെ പ്രകടനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് 14 വര്‍ഷങ്ങള്‍ക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ യാത്ര അവസാനിക്കും.

Share This Post
Exit mobile version