Press Club Vartha

പാലക്കാട് പാതിരാ റെയ്‌ഡ്‌; കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള നാടകമാണ് നടന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് നടന്ന പാതിരാ റൈഡിൽൻപ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടകര കുഴല്‍പണകേസ് വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം – ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പോലീസ് നടത്തിയ വിടുപണിയാണിതെന്നുമാണ് ചെന്നിത്തല പറയുന്നത്.

കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പോലീസ് അധ:പതിച്ചിരിക്കുന്നു.സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പോലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയെ എങ്ങിനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന ശുദ്ധമായ അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്. ഈ സിപിഎം – ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു ശക്തമായ തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Share This Post
Exit mobile version